തായ് ​ഗുഹയിലെ രക്ഷാപ്രവർത്തനം അഭ്രപാളിയിലേക്ക് ; സിനിമയാക്കുന്നത് ഹോളിവുഡ് നിര്‍മാണ കമ്പനി പ്യുവര്‍ ഫ്‌ലിക്‌സ്

ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ഉദ്വേ​ഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളെ തിരശ്ശിലയിലേക്ക് പകർത്തുന്നത്
തായ് ​ഗുഹയിലെ രക്ഷാപ്രവർത്തനം അഭ്രപാളിയിലേക്ക് ; സിനിമയാക്കുന്നത് ഹോളിവുഡ് നിര്‍മാണ കമ്പനി പ്യുവര്‍ ഫ്‌ലിക്‌സ്

ബാങ്കോക്ക് : ലോകം ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും ശ്രവിച്ച തായ്ലൻഡിൽ ​ഗുഹയിൽ അകപ്പെട്ട കുട്ടികളുടെ രക്ഷാപ്രവർത്തനം അഭ്രപാളിയിലേക്ക്. ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ഉദ്വേ​ഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളെ തിരശ്ശിലയിലേക്ക് പകർത്തുന്നത്. സമയത്തോടും കാലാവസ്ഥയോടും പരിതസ്ഥിതിയോടും മല്ലടിച്ച്, ​ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച നടപടി ലോകത്തിന്റെ മൊത്തം അഭിനന്ദനവും ആദരവും ഏറ്റുവാങ്ങിയിരുന്നു. ലോകത്തിന്റെ ഈ താത്പര്യം സിനിമയെയും തുണയ്ക്കുമെന്നാണ് സ്കോട്ടിന്റെയും സഹനിർമ്മാതാവ് ആഡം സ്മിത്തിന്റെയും പ്രതീക്ഷ. 

ദിവസങ്ങൾക്ക്  മുമ്പേ തായ്ലൻഡിലെത്തിയ, മൈക്കൽ സ്കോട്ടും സംഘവും, രക്ഷാപ്രവർത്തകർക്കൊപ്പം സഞ്ചരിച്ച് രക്ഷാദൗത്യത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ചിത്രീകരിച്ചിരുന്നു. രക്ഷാപ്രവർത്തനം ആരംഭിച്ച മൂന്നാം ദിവസം മുതൽ, കുട്ടികളെ പുറത്തെത്തിച്ചതു വരെയുള്ള കാര്യങ്ങൾ ഇവർ ഷൂട്ട് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെയും ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങൾ കാമറയിൽ പകർത്തി. സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് തത്സമയം രംഗങ്ങൾ ചിത്രീകരിച്ചത്. കൂടാതെ, ​ഗുഹയിലെ അനുഭവ കഥകളുടെ എക്സ്ക്ലുസീവ് റൈറ്റും അവർ കരസ്ഥമാക്കി. 

മറ്റ് സിനിമാ നിർമ്മാണ കമ്പനികളും ഇവിടേക്ക് എത്തുമെന്നതിനാലാണ് തങ്ങൾ, രക്ഷാപ്രവർത്തനത്തിന്റെ തുടക്കഘട്ടം മുതലുള്ള ഭാ​ഗങ്ങൾ ആദ്യമേ എത്തി ചിത്രീകരിച്ചതെന്ന്  സ്കോട്ട് പറഞ്ഞു. രക്ഷാദൗത്യത്തിൽ നിർണായക പങ്കു വഹിച്ച വിദേശ ദൗത്യസംഘാം​ഗങ്ങൾ, തായ് നാവികസേനാം​ഗങ്ങൾ, രക്ഷപ്പെട്ട കുട്ടികൾ, ബന്ധുക്കൾ തുടങ്ങിയവരുമായി വീണ്ടും ചർച്ച നടത്തിയശേഷമാകും ചിത്രത്തിന്റെ തിരക്കഥയൊരുക്കുക. പിന്നീട് പ്രമുഖ താരങ്ങളെ അണിനിരത്തി, ​ഗുഹയിലെ രക്ഷാപ്രവർത്തനം അടക്കമുള്ളവ ചിത്രീകരിക്കുമെന്നും മൈക്കൽ സ്കോട്ട് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com