ഡിസ്ലൈക്ക് അടിച്ച് തോല്‍പ്പിക്കാമെന്നു കരുതിയവര്‍ക്കു തെറ്റി: ഹിറ്റായി കൂടെയിലെ ഗാനം

താരത്തിനെതിരെയുള്ള ഹേറ്റ് കാംപെയിന്‍ ഗൂഢാലോചനകള്‍ക്കിടയിലും യൂട്യൂബില്‍ തരംഗമായി മാറുകയാണ് കൂടെയിലെ ഗാനം.
ഡിസ്ലൈക്ക് അടിച്ച് തോല്‍പ്പിക്കാമെന്നു കരുതിയവര്‍ക്കു തെറ്റി: ഹിറ്റായി കൂടെയിലെ ഗാനം

'മൈസ്റ്റോറി' ഇറങ്ങിയപ്പോള്‍ മുതല്‍ പാര്‍വതിയുടെ ചിത്രങ്ങളെ കൂകി തോല്‍പ്പിക്കാന്‍ ഇറങ്ങിയതാണ് ചിലര്‍. മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെ വിമര്‍ശിച്ചതു മുതലാണ് നടി കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കും ശേഷം ഡിസ്‌ലൈക് കാംപെയ്‌നും ഇരയാകാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം പാര്‍വതിയുടെ ഗാനത്തിന് ഡിസ് ലൈക്ക് അടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മമ്മൂട്ടി ഫാന്‍സിന്റെ വാട്‌സ്ആപ് ഗ്രൂപ്പ് സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താരത്തിനെതിരെയുള്ള ഹേറ്റ് കാംപെയിന്‍ ഗൂഢാലോചനകള്‍ക്കിടയിലും യൂട്യൂബില്‍ തരംഗമായി മാറുകയാണ് കൂടെയിലെ ഗാനം. പൃഥിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വാനവില്ലേ എന്ന പ്രണയഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് എം ജയചന്ദ്രനാണ്. റഫീക്ക് അഹമ്മദാണ് ഗാനരചന. ആലാപനം കാര്‍ത്തിക്. അഞ്ജലി മേനോനാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 

നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, സുബിന്‍ നസീല്‍ നവാസ്, ദര്‍ശന രാജേന്ദ്രന്‍, രഞ്ജിത്ത് ബാലകൃഷ്ണന്‍, മാലാ പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീണ്‍ പ്രഭാകറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ജൂലൈ 14ന് തീയേറ്ററുകളില്‍ എത്തുന്ന 'കൂടെ' ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വല്‍ മീഡിയയുടെ  ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com