'ലിപ് ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി ആക്കുന്നവര്‍ ഞരമ്പുരോഗികള്‍'; വെട്ടുകിളികളുടെ ആക്രമണത്തിനെതിരേ സംവിധായകന്‍

ഈ ഞരമ്പ് രോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ? ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താന്‍ മുന്‍കൈയെടുക്കണം
'ലിപ് ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി ആക്കുന്നവര്‍ ഞരമ്പുരോഗികള്‍'; വെട്ടുകിളികളുടെ ആക്രമണത്തിനെതിരേ സംവിധായകന്‍

പാര്‍വതി നായികയായെത്തിയ മൈ സ്റ്റോറിക്കെതിരേ നടക്കുന്ന ഹേറ്റ് കാമ്പെയ്‌നിന് എതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വി.സി അഭിലാഷ്. ചിത്രം മോശമാണെങ്കില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ത്തേണ്ടതെന്നും അല്ലാതെ ലിപ് ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവര്‍ ഞരമ്പുരോഗികളാണെന്നും തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ളവരെ ഫാന്‍സ് എന്ന് വിളിക്കാനാവില്ലെന്നും കൂട്ടം തെറ്റി നടക്കുന്ന ഇത്തരം ഞരമ്പുരോഗികളെ തിരുത്താന്‍ അംഗങ്ങള്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

വി.സി അഭിലാഭിഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലാണോ അവര്‍ ഇന്നറിയപ്പെടുന്നത്? അതിന്റെ എന്തെങ്കിലും ക്രെഡിറ്റ് അവര്‍ക്ക് ഇന്ന് കിട്ടുന്നുണ്ടോ? എന്റെ അറിവില്‍, വിദ്യാ സമ്പന്നരും സംസ്‌കാര സമ്പന്നരുമായ ഒട്ടേറെപ്പേര്‍ ഈ സംഘടനകളിലുണ്ട്. പക്ഷെ പൊതു സമൂഹത്തില്‍ ഈ ഫാന്‍സ് അസോസിയേഷനുകളുടെ മുഖമെന്താണ്?

മൈ സ്‌റ്റോറി എന്ന ചലച്ചിത്രത്തിന്റെ സംവിധായിക തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്യോഗമോര്‍ത്ത് സങ്കടപ്പെടുകയാണ്. പതിനെട്ട് കോടി മുടക്കിയ ഒരു സിനിമയാണത്. വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് അവര്‍ നേരിടുന്നത്. അതിന്റെ പിന്നിലെ കാരണങ്ങള്‍ ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ?

മൈ സ്‌റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടത്. അല്ലാതെ ലിപ്ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാന്‍സ് എന്ന് വിളിക്കാനാവില്ല. ഞരമ്പ് രോഗികള്‍ എന്നെ വിളിക്കാനാവൂ. അക്കൂട്ടര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുകയെ ഉള്ളൂ. ഈ ഞരമ്പ് രോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ? ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താന്‍ മുന്‍കൈയെടുക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com