നിര്‍മാതാവിന്റെ അറസ്റ്റ് തടയാന്‍ പ്രമുഖ നടന്‍ ഹീറോ കളിച്ചു; അവസാനം കേസായതോടെ ഒളിവില്‍ പോയി

നടനെ പടികൂടാനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്
നിര്‍മാതാവിന്റെ അറസ്റ്റ് തടയാന്‍ പ്രമുഖ നടന്‍ ഹീറോ കളിച്ചു; അവസാനം കേസായതോടെ ഒളിവില്‍ പോയി

ബാംഗളൂര്‍; പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസ് എടുത്തതിനെ തുടര്‍ന്ന് പ്രമുഖ കന്നഡ നടന്‍ ധുനിയ വിജയ് ഒളിവില്‍. രണ്ട് വര്‍ഷം മുന്‍പ് ഷൂട്ടിങ്ങിനിടെ രണ്ട് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ മുങ്ങി മരിച്ച സംഭവത്തില്‍ നിര്‍മാതാവ് സുന്ദര്‍ പി ഗൗഡയെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസുകാരെ വിജയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ തടയുകയായിരുന്നു. സംഭവത്തില്‍ സികെ അച്ചുകാട്ടു പൊലീസ് കേസ് എടുത്തതോടെയാണ് താരം ഒളിവില്‍ പോയത്.

2016 നവംബറില്‍ നടന്ന അപകടത്തില്‍ അനില്‍, ഉദയ് എന്നീ സ്റ്റണ്ട് മാസ്റ്റര്‍മാരാണ് കൊല്ലപ്പെട്ടത്. സുന്ദര്‍ പി ഗൗഡ നിര്‍മിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് അശ്രദ്ധമായി ഷൂട്ടിങ്ങ് നടത്തിയതിന് ഗൗഡയ്‌ക്കെതിരേ കേസെടുത്തു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കോടതിയില്‍ ഹിയറിങ്ങിനെത്താതെ ഒഴിഞ്ഞു മാറുകയായിരുന്നു നിര്‍മാതാവ്. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.  

ഗൗഡയെ അറസ്റ്റ് ചെയ്യാനായി ഒരു സംഘം പൊലീസുകാര്‍ വീട്ടില്‍ എത്തി. അപ്പോള്‍ ധുനിയ വിജയും ഒരു സംഘം ആളുകളും വീടിന് പുറത്തെത്തി പൊലീസിനെ പ്രകോപിപ്പിച്ചു. കാര്യമറിയാനായി പൊലീസ് വെളിയിലേക്ക് ഇറങ്ങിയ സമയത്ത് ഗൗഡ വീടിന്റെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് താരത്തിനെതിരേ കേസ് എടുത്തത്. സംഭവത്തില്‍ ധുനിയ വിജയിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. നടനെ പടികൂടാനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com