അച്ചടിയുടെ അച്ചടക്ക വടിവില്‍ നില്‍ക്കാത്ത ജോണിനെ എങ്ങനെ എഴുതിക്കാണിക്കും? ആ ടൈറ്റിലിനെക്കുറിച്ച് പ്രേംചന്ദ് പറയുന്നു

അച്ചടിയുടെ അച്ചടക്ക വടിവില്‍ നില്‍ക്കാത്ത ജോണിനെ എങ്ങനെ എഴുതിക്കാണിക്കും? ആ ടൈറ്റിലിനെക്കുറിച്ച് പ്രേംചന്ദ് പറയുന്നു
അച്ചടിയുടെ അച്ചടക്ക വടിവില്‍ നില്‍ക്കാത്ത ജോണിനെ എങ്ങനെ എഴുതിക്കാണിക്കും? ആ ടൈറ്റിലിനെക്കുറിച്ച് പ്രേംചന്ദ് പറയുന്നു

ജോണ്‍ എബ്രഹാമിനെക്കുറിച്ചുള്ള സിനിമയ്ക്ക് ജോണ്‍ എന്ന് പേരിടുന്നതിനേക്കാള്‍ വെല്ലുവിളിയായിരുന്നു ജോണ്‍ എന്ന് എങ്ങനെയാണ് എഴുതിക്കാട്ടുക എന്ന ആലോചനയെന്ന് സംവിധായകന്‍ പ്രേംചന്ദ്. അച്ചടിയുടെ അച്ചടക്ക വടിവുകളിലോ സാങ്കേതിക തികവുകളിലോ ജോണ്‍ എന്ന പേര് നില്‍ക്കില്ല. അക്ഷരങ്ങളെ പേരായി വരയ്ക്കുമ്പോള്‍ ആരുടെ പേരാണോ വരയ്ക്കാന്‍ പോകുന്നത് ആ വ്യക്തിയെ തന്നെ വെളിപ്പെടുത്തേണ്ടതുള്ള ഒരു സാഹസിക ദൗത്യമാണതെന്ന് പ്രേംചന്ദ് പറഞ്ഞു. ജോണിനെക്കുറിച്ചുള്ള സിനിമയ്ക്ക് നാരായണ ഭട്ടതിരി ടൈറ്റില്‍ ഒരുക്കിയതിനെക്കുറിച്ച് പ്രേംചന്ദ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്.

നാരായണ ഭട്ടതിരിയുടെ വരമലയാളം

മലയാള അക്ഷരങ്ങളുടെ ഭാവസൗന്ദര്യമായ നാരായണ ഭട്ടതിരിക്ക് നന്ദി. പേരെഴുതുന്നത് എന്നത് പോലെയല്ല പേര് വരയ്ക്കുക എന്നത്. അക്ഷരങ്ങളെ പേരായി വരയ്ക്കുമ്പോള്‍ ആരുടെ പേരാണോ വരയ്ക്കാന്‍ പോകുന്നത് ആ വ്യക്തിയെ തന്നെ വെളിപ്പെടുത്തേണ്ടതുള്ള ഒരു സാഹസിക ദൗത്യമാണത്.

ജോണ്‍ എബ്രഹാമിനെക്കുറിച്ചുള്ള ഞങ്ങളുടെ കൊച്ചു സിനിമക്ക് ജോണ്‍ എന്ന് പേരിടുന്നതിനേക്കാള്‍ വെല്ലുവിളിയായിരുന്നു ജോണ്‍ എന്ന് എങ്ങിനെയാണ് എഴുതിക്കാട്ടുക എന്ന ആലോചന . അച്ചടിയുടെ അച്ചടക്ക വടിവുകളിലോ സാങ്കേതിക തികവുകളിലോ ജോണ്‍ എന്ന പേര് നില്‍ക്കില്ല .

ജോണിന്റെ മുപ്പത്തിയൊന്നാം വര്‍ഷ ഓര്‍മ്മ നാളില്‍ ഞങ്ങളുടെ പ്രിയപ്പെട്ട എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യത്തെ ടീസര്‍ എഡിറ്റിങ്ങിലിരിക്കുമ്പോഴാണ് ജോണിന്റെ അവസാന ചിത്രമായ അമ്മ അറിയാന് വേണ്ടി തന്റെ അച്ഛന്‍ നാരായണ ഭട്ടതിരി ടൈറ്റില്‍ ചെയ്തിരുന്ന വിവരം പറയുന്നത്. ജോണിന്റെ ഓര്‍മ്മക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന ഞങ്ങളുടെ ചിത്രത്തില്‍ സഹകരിക്കാന്‍ അദ്ദേഹത്തിന് സന്തോഷം . മൂന്ന് പതിറ്റാണ്ടിലേറെ കാലത്തിനുള്ളില്‍ കലാകൗമുദിയിലും മലയാളം വാരികയിലുമായി പതിനായിരക്കണക്കിന് തലക്കെട്ടുകള്‍ രൂപകല്പന ചെയ്ത് കഥകള്‍ക്കും കവിതകള്‍ക്കും നോവലുകള്‍ക്കും അര്‍ത്ഥം പകര്‍ന്ന കൈകള്‍ തന്നെ അങ്ങിനെ ജോണ്‍ എബ്രഹാമിന്റെ ഓര്‍മ്മകളെ ആവാഹിക്കുന്ന ജോണ്‍ എന്ന ടൈറ്റിലിനും ജന്മം കൊടുത്തു. ഇംഗ്ലീഷിലും മലയാളത്തിലും. ജോണ്‍ നടക്കുന്നത് പോലെ ഒരു ജോണ്‍ ടൈറ്റില്‍ ഞങ്ങള്‍ക്ക് ചോദിക്കാതെ സമ്മാനിച്ചതിന് നാരായണ ഭട്ടതിരിക്ക് ഒരിക്കല്‍ക്കൂടി നന്ദി. സ്‌നേഹം.

മലയാളം കാലിഗ്രാഫിയില്‍ സ്വതസിദ്ധമായ പാത വെട്ടിത്തെളിയിച്ച് അതിനെ ഒരു കലാരൂപത്തിന്റെ പദവിയിലേക്കുയര്‍ത്തിയ പ്രതിഭയാണ് നാരായണ ഭട്ടതിരി . തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ പഠനത്തിന് ശേഷം കാലിഗ്രാഫി ആര്‍ട്ടിസ്റ്റായി തുടങ്ങിയ പ്രൊഫഷണല്‍ ജീവിതത്തില്‍ നിരവധി സിനിമകള്‍ക്കും ഭട്ടതിരി ടൈറ്റില്‍ രൂപകല്പന നല്‍കി. ഡി.റ്റി.പി.യുടെ കാലം വന്നതോടെ കമ്പ്യൂട്ടര്‍ നിര്‍മ്മിത മലയാളത്തിന്റെ വടിവൊത്ത ശൈലിയില്‍ നിന്നും വിട്ടുമാറി കയ്യെഴുത്തിലൂടെ മലയാളം അക്ഷരങ്ങള്‍ക്ക് അര്‍ത്ഥങ്ങളുടെയും അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും മിടിപ്പുകള്‍ നല്‍കുക എന്ന വലിയ ദൗത്യമാണ് മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഈ ടൈറ്റില്‍ രൂപകല്പനാ പ്രവാഹത്തിലൂടെ നാരായണ ഭട്ടതിരി ഇവിടെ സൃഷ്ടിച്ചത് . 2013ലും 2014 തിരുവനന്തപുരത്തും തൃശൂരിലുമായി  പ്രദര്‍ശനങ്ങളിലൂടെ അക്ഷരങ്ങള്‍ വഹിയ്ക്കുന്ന ചരിത്രബോധത്തെ ജനങ്ങളിലേക്കെത്തത്തിച്ചു.

ജോണ്‍ എന്ന ടൈറ്റിലും ഭട്ടതിരി ഇവിടെ സൃഷ്ടിച്ച തലക്കെട്ടുകളുടെ കാലപ്രവാഹത്തിലേക്ക് പ്രവേശിക്കുകയാണിപ്പോള്‍ .വരമലയാളത്തിന്റെ ഭാവസൗന്ദര്യമായി. നന്ദി , നമസ്‌കാരം .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com