'അനുഷ്‌കയുടെ വാക്കുകളേക്കാളും കൊഹ് ലിയുടെ വൃത്തികെട്ട മനസിനേക്കാളും എത്രയോ ചെറിയ മാലിന്യമായിരുന്നു അത്'

അനുഷ്‌കയുടേയും കൊഹ് ലിയുടേയും പ്രവര്‍ത്തിയേക്കാള്‍ ചെറിയ മാലിന്യമാണ് തന്റെ അശ്രദ്ധയില്‍ പുറത്തേക്ക് വീണതെന്നാണ് ഇയാള്‍ പറയുന്നത്
'അനുഷ്‌കയുടെ വാക്കുകളേക്കാളും കൊഹ് ലിയുടെ വൃത്തികെട്ട മനസിനേക്കാളും എത്രയോ ചെറിയ മാലിന്യമായിരുന്നു അത്'

റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ കാറുകാരെ തടഞ്ഞു നിര്‍ത്തി ശകാരിച്ച് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ വിരാട് കൊഹ് ലി. ഇരുവരുടേയും പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട യുവാവ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താരദമ്പതികളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് 'വില്ലന്റെ' മറുപടി. 

ആഡംബര കാറില്‍ പോകുന്നതിനിടെ കാറില്‍ നിന്ന് മാലിന്യം റോഡിലേക്ക് ഇട്ടതിനെ അനുഷ്‌ക വിമര്‍ശിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോ ഷൂട്ട് ചെയ്ത് ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും  വിരാട് കൊഹ് ലി ആയിരുന്നു. സംഭവം വിവാദമായതോടെയാണ് അനുഷ്‌കയ്ക്കും കൊഹ് ലിക്കുമെതിരേ മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിങ് രംഗത്തെത്തിയത്. താന്‍ ക്ഷമ ചോദിച്ചിരുന്നെന്നും മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നുമാണ് ഇയാള്‍ പറയുന്നത്. അനുഷ്‌കയുടേയും കൊഹ് ലിയുടേയും പ്രവര്‍ത്തിയേക്കാള്‍ ചെറിയ മാലിന്യമാണ് തന്റെ അശ്രദ്ധയില്‍ പുറത്തേക്ക് വീണതെന്നാണ് ഇയാള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു യുവാവിന്റെ മറുപടി. 

ഒരു നേട്ടത്തിനും വേണ്ടിയല്ല താന്‍ ഈ പോസ്റ്റ് ഇടുന്നത് എന്നു പറഞ്ഞാണ് അര്‍ഹാന്‍ പറഞ്ഞു തുടങ്ങുന്നത്. 'ഡ്രൈവിങ്ങിന് ഇടയില്‍ അശ്രദ്ധമായി ഒരു സ്‌ക്വയര്‍ മില്ലിമീറ്റര്‍ വരുന്ന പ്ലാസ്റ്റിക് മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞുപോയി.  അപ്പോള്‍ അതുവഴി കടന്നുപോകുന്ന ഒരു കാറിന്റെ ചില്ല് മെല്ലെ താഴ്ത്തുന്നു. ഞാന്‍ നോക്കിയപ്പോള്‍ അതില്‍ അതാ നമ്മുടെ അനുഷ്‌ക്ക ശര്‍മ. വഴിയരികിലെ തലതിരിഞ്ഞ ആള്‍ക്കാരെപ്പോലെ ഒച്ചയിടുകയും എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്യുന്നു. ശരിയാണ് എന്റെ അശ്രദ്ധയില്‍ കുറ്റബോധമുണ്ട്. ക്ഷമാപണം നടത്തുകയും ചെയ്യുന്നു. പക്ഷേ, മിസിസ് അനുഷ്‌ക്ക ശര്‍മ കോലി, സംസാരത്തില്‍ ഒരല്‍പം മാന്യതയും വിനയവും ഉണ്ടായാല്‍ നിങ്ങളുടെ താരമൂല്യം ഇടിഞ്ഞുപോകുമോ? പലതരം മര്യാദകളും ശുചിത്വങ്ങളുമുണ്ട്. വാക്കുകൊണ്ടുള്ള മര്യാദ അതിലൊന്നാണ്.

നിങ്ങളുടെ വായില്‍ നിന്ന്, നിങ്ങളുടെ ആര്‍ഭാട കാറിന്റെ വിന്‍ഡോയില്‍ നിന്ന് വന്ന മാലിന്യത്തേക്കാള്‍ എത്രയോ ചെറുതാണ് അബദ്ധവശാല്‍ എന്റെ കാറില്‍ നിന്ന് പുറത്തേയ്ക്ക് വന്ന മാലിന്യം. എന്ത് നേട്ടമുണ്ടായാലും അതൊക്കെ ഷൂട്ട് ചെയ്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വിരാട് കോഹ് ലിയുടെ വൃത്തികെട്ട മനസ്സിനേക്കാള്‍ എത്രയോ ചെറിയ മാലിന്യമായിരുന്നു അത്.' അയാള്‍ പോസ്റ്റിലൂടെ പറഞ്ഞു. വീഡിയോ വൈറലായതുപോലെ യുവാവിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com