യേശുദാസിനെ പോലെ പാടിയ 'കുറ്റത്തിന്' കേരളം തഴഞ്ഞു; അഭിജിത്തിനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം എത്തി

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്തിനെ തേടി എത്തിയിരിക്കുന്നത്
യേശുദാസിനെ പോലെ പാടിയ 'കുറ്റത്തിന്' കേരളം തഴഞ്ഞു; അഭിജിത്തിനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം എത്തി

യേശുദാസിന്റെ പോലെ പാട്ടുപാടിയെന്ന് ആരോപിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിഷേധിക്കപ്പെട്ട ഗായകനാണ് അഭിജിത്ത് വിജയന്‍. അന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിജിത്തിന്റെ പിന്നില്‍ അണിനിരന്നു. ജൂറി അംഗങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. യേശുദാസിനെ പോലെ പാട്ടുപാടി എന്നു പറഞ്ഞ് തള്ളിക്കളഞ്ഞ യുവഗായകന്‍ ഇപ്പോള്‍ കേരളത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. 

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്തിനെ തേടി എത്തിയിരിക്കുന്നത്. അവാര്‍ഡ് വിവരത്തെക്കുറിച്ച് അഭിജിത്ത് പറയുന്ന വീഡിയോ നടന്‍ ജയറാം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ യുവ ഗായകനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിറഞ്ഞ ചിരിയുമായി സന്തോഷത്തോടെയാണ് അഭിജിത്ത് അവാര്‍ഡ് ലഭിച്ച വിവരം അറിയിച്ചത്. ജയറാം പ്രധാന വേഷത്തില്‍ എത്തിയ ആകാശമിഠായി എന്ന ചിത്രത്തിലെ ആകാശപ്പാലക്കൊമ്പത്ത് എന്ന് തുടങ്ങുന്ന ഗാനം പാടിയതിനാണ് പുരസ്‌കാരം. അഭിജിത്തിന്റെ ആദ്യ ഗാനമാണിത്.

ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തെരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന്് അഭിജിത്ത് പറഞ്ഞു. പാട്ടു പാടാന്‍ അവസരം തന്ന ജയറാമിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിജിത്ത്് നന്ദി പറഞ്ഞു. ചിത്രത്തിന്റെ നായകനായെത്തിയ ജയറാമാണ് അഭിജിത്തിനെക്കൊണ്ട് പാടിക്കാം എന്ന നിര്‍ദേശം വെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com