ബാലന്‍ ചേട്ടന്‍ ഇനി റിപ്പര്‍ ചന്ദ്രന്‍

1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റുന്നത്.
ബാലന്‍ ചേട്ടന്‍ ഇനി റിപ്പര്‍ ചന്ദ്രന്‍

റിപ്പര്‍ ചന്ദ്രന്‍ എന്ന പേര് ചങ്കിടിപ്പോടെയല്ലാതെ കേള്‍ക്കാന്‍ മലയാളികള്‍ക്ക് അല്‍പം പ്രയാസമായിരിക്കും. ആളുകളെ തലക്കടിച്ച് കൊലപ്പെടുത്തിയിരുന്ന റിപ്പര്‍ ചന്ദ്രന്‍ ഒരു കാലത്ത് കേരളത്തിലെ ജനങ്ങളുടെ പേടിസ്വപ്‌നമായിരുന്നു. 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റുന്നത്.

ഈ റിപ്പര്‍ ചന്ദ്രന്റെ കഥ സിനിമയാവുകയാണ്. സെവന്‍ ജി  സിനിമാസ്, കാസര്‍കോട് സിനിമാസ് എന്നിവയുടെ ബാനറില്‍ നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'റിപ്പര്‍' ചന്ദ്രനായി വേഷമിടുന്നത് കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനാണ്. രഞ്ജി രാജ് കരിന്തളം എഴുതിയ കഥയ്ക്ക് കെ സജിമോനാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.

കേരളം കണ്ടിട്ടുള്ളതിലും അറിഞ്ഞതിലും വെച്ച് ഏറ്റവും വലിയ ക്രിമിനല്‍ എന്നറിയപ്പെടുന്ന റിപ്പര്‍ ചന്ദ്രന്‍. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ കൂടാതെ കര്‍ണാടക അതിര്‍ത്തികളില്‍ പോലും ആക്രമണങ്ങള്‍ നടത്തിയിരുന്നു. 1980കളിലെ രാത്രികളും പകലുകളും റിപ്പര്‍ ചന്ദ്രന്റെ പേരില്‍ ഭയപ്പെട്ടാണ് കഴിഞ്ഞുപോയത്.  

തെളിയിക്കപ്പെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്റെ പേരിലുള്ളത്. മലബാറിനെ ഒരുകാലത്ത് പേടിപ്പിച്ചു വിറപ്പിച്ചിരുന്നത് മുതുകുറ്റി ചന്ദ്രന്‍ എന്ന ഈ റിപ്പര്‍ ചന്ദ്രനായിരുന്നു.  കര്‍ണ്ണാടകയിലെ ഷിമോഗയില്‍ ഇടത്താവളമൊരുക്കിയിരുന്ന റിപ്പര്‍ ചന്ദ്രനെ പിടികൂടാന്‍ കേരള കര്‍ണ്ണാടക സര്‍ക്കാരുകളും പൊലീസും ഒരുപോലെ ശ്രമിച്ചിരുന്നു. ചന്ദ്രന്‍ എന്ന മുതുകുറ്റി ചന്ദ്രനാണ് ഈ റിപ്പര്‍ മോഡല്‍ ആക്രമത്തിനു പിന്നിലെന്ന് തിരിച്ചറിയപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായിരിക്കെപ്പോലും റിപ്പര്‍ തന്റെ കൃത്യവുമായി ഈ പ്രദേശങ്ങളില്‍ തന്നെയുണ്ടായിരുന്നു. 

ആ സമയത്തു കൂടി രണ്ട് കൊലപാതകങ്ങള്‍ നടത്തിയതിന് ശേഷമാണ് റിപ്പര്‍ പൊലീസ് പിടിയിലാകുന്നത്. ഒടുക്കം റിപ്പറെ പൊലീസ് അറസ്റ്റു ചെയ്തു. വിചാരണയ്‌ക്കൊടുവില്‍ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com