ദിലീപിനെ പുറത്താക്കിയത് തന്റെ സമ്മർദം മൂലമല്ല, നടിമാർക്ക് പൂർണപിന്തുണ ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചെടുത്തതാണ്
ദിലീപിനെ പുറത്താക്കിയത് തന്റെ സമ്മർദം മൂലമല്ല, നടിമാർക്ക് പൂർണപിന്തുണ ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

കൊച്ചി : ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലപാട്  വ്യക്തമാക്കി നടൻ പൃഥ്വിരാജ് രം​ഗത്ത്. അമ്മയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജിവെച്ച നടിമാരുടെ ധീരതയെയും അവരുടെ തീരുമാനത്തെയും അഭിനന്ദിക്കുന്നു. താനിപ്പോഴും അവരോടൊപ്പമാണ്. അവരെ വിമർ‌ശിക്കുന്ന നിരവധി പേരുണ്ടാകും. എന്നാൽ തെറ്റും ശരിയും ഓരോരുത്തരുടെ കാഴ്ചപ്പാടിനെ അനുസരിച്ചാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഒരു ഇം​ഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് വ്യക്തമാക്കി. 

അമ്മ സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കിയത് തന്റെ സമ്മർദ്ദം മൂലമല്ല. ആ ക്രെഡിറ്റ് എനിക്ക് വേണ്ട. ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചെടുത്തതാണ്. ​തന്റെ സമ്മർദത്തെ തുടർന്നാണ് ദിലീപിനെ പുറത്താക്കിയതെന്ന ​ഗണേഷ് കുമാറിന്റെ പ്രസ്താവന കളവാണ്. ​ഗണേഷിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാനത് കാര്യമാക്കുന്നില്ല. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തിന് തന്നെ ഉപകരണമാക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു. 

അഭിപ്രായം പറയാനുണ്ടെങ്കിൽ, അത് പ്രകടിപ്പിക്കാതെ നിശബ്ദനായിരിക്കുന്നത് എന്റെ ശീലമല്ല. പറയാനുള്ളത് പറയേണ്ട സമയത്ത് പറയേണ്ട സ്ഥലത്ത് പറഞ്ഞിരിക്കും. അമ്മയുടെ ജനറൽ ബോഡി യോ​ഗത്തിൽ പങ്കെടുത്തില്ല എന്നത് സത്യമാണ്. എന്നാൽ അത് മനപ്പൂർവമല്ല. അ‍്ജലി മേനോന്റെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജോലികൾ ഉണ്ടായിരുന്നതിനാലാണ് യോ​ഗത്തിൽ പങ്കെടുക്കാതിരുന്നത്. 

നടിക്കുണ്ടായ ദുരനുഭവം തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവമാണ്. അതിൽ നിന്നും ഇപ്പോഴും താൻ മുക്തനായിട്ടില്ല. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ദുരനുഭവത്തിൽ നിന്നും പെട്ടെന്ന് മുക്തയായ അവരുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. മലയാളസിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള സംഘടനയാണ് അമ്മ. ഞാൻ അമ്മയുടെ അംഗമാണെങ്കിലും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഇതുവരെ ദിലീപിനൊപ്പം അഭിനയിക്കാൻ എന്നെയാരും ക്ഷണിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com