അത് പാട്ടച്ഛന്റെ പാട്ടല്ല, പാട്ടമ്മമാരുടേതാണ്: 'പൂ മാതെയ്' പാട്ട് വിവാദത്തില്‍ സംവിധായകന് പറയാനുള്ളത്

ടിഎച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ശേഖരിച്ചു വച്ച പാട്ടിന്റെ ഒരു വരിപോലും ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. 
അത് പാട്ടച്ഛന്റെ പാട്ടല്ല, പാട്ടമ്മമാരുടേതാണ്: 'പൂ മാതെയ്' പാട്ട് വിവാദത്തില്‍ സംവിധായകന് പറയാനുള്ളത്

ടലാഴം എന്ന ചിത്രത്തില പൂമാതെയ് പൊന്നമ്മ എന്ന പാട്ടിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള. വടക്കന്‍ പാട്ടുകളുട സമ്പാദകനായ ടി.എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ശേഖരിച്ചു പ്രസിദ്ധീകരിച്ച പാട്ടല്ല തങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് സംവിധായകന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

ടി.എച്ച് കുഞ്ഞിരാമന്‍ നമ്പ്യാരെന്ന പാട്ടച്ഛനെ ഓര്‍ത്തുകൊണ്ട് അവകാശവാദങ്ങളില്ലാത്ത സ്വയം സമര്‍പണം. അച്ഛനാണ് എന്നതുകൊണ്ടു മാത്രം ഓര്‍ക്കാതെയും പറയാതെയും അടയാളപ്പെടാതെയും പോകരുതല്ലോ എന്ന് കുറിച്ചുകൊണ്ടുള്ള പി.ഗീതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പാട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തി, പാട്ട് ഒരു ഉളുപ്പുമില്ലാതെ അടിച്ചുമാറ്റി എന്ന തരത്തില്‍ മറ്റൊരു പോസ്റ്റിട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. 

ടി.എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ വടക്കന്‍പാട്ടുകളുടെ സമ്പാദകനാണ്‌. ഒരുപാട് പാട്ടുകള്‍ അദ്ദേഹം അങ്ങനെ ശേഖരിച്ച് വച്ചിട്ടുണ്ട്. എന്നാല്‍ ഉടലാഴത്തിലെ പൂമാതെയ് പൊന്നമ്മ എന്ന പാട്ട് അദ്ദേഹം ശേഖരിച്ചു വെച്ച പാട്ടല്ലയെന്ന് ഉണ്ണികൃഷ്ണ്‍ ആവള പറയുന്നു. 

പാട്ടിനെക്കുറിച്ച് ഉണ്ണികൃഷ്ണ്‍ പറയുന്നത് ഇങ്ങനെയാണ്: 

ടലാഴത്തില്‍ വയനാടന്‍ ചുരത്തിന് താളെയുള്ള പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ളൊരു പാട്ട് വേണം, അത് സ്ത്രീയുമായി ബന്ധപ്പെട്ടതായിരിക്കണം. അത്തരമൊരു ചിന്തയില്‍ നിന്നാണ് പൂമാതെയ് പൊന്നമ്മ എന്ന പാട്ട് പിറക്കുന്നത്. പല വടക്കന്‍പാട്ടുകളും കേട്ടു. പക്ഷേ പൂമാതെയ് എപ്പോഴും ഉള്ളിലുണ്ടായിരുന്നു. ഇന്നും ആ പാട്ട് പാടി നടക്കുന്ന ആളുകളുണ്ട് എന്റെ നാട്ടില്‍. അവരില്‍ നിന്നാണ് ഞാന്‍ ഈ  പാട്ടു കേള്‍ക്കുന്നത്. അവര്‍ പാടുന്നതുപോലെയുമല്ല പാട്ട് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. വരികളെല്ലാം വ്യത്യസ്തമാണ്. അത് മനു മന്‍ജിത്തിന്റെ വരികളാണ്. 

 ഇപ്പോള്‍ പി.ഗീത ടീച്ചറുകെ മകള്‍ ഉന്നയിക്കുന്നത് പാട്ടിന്റെ ക്രെഡിറ്റ് മനു മന്‍ജിത്തിന് കൊടുത്തു എന്നതാണ്. യഥാര്‍ഥത്തില്‍ പൂമാതെയ് പൊന്നമ്മ എന്ന വരികള്‍ വായ്ത്താരി മാത്രമായാണ് ഉപയോഗിച്ചിരിക്കുന്നത്. ബാക്കിയെല്ലാ വരികളും മനു മന്‍ജിത്ത് തേടിപ്പോയി കണ്ടെത്തിയ കഥയെ പാട്ടാക്കിയതാണ്. ആക്ഷേപവുമായി വരുന്നവര്‍ പാട്ട് കേട്ടിട്ടുപോലുമുണ്ടാകില്ല.

ഉപയോഗിച്ചിരിക്കുന്ന വടക്കന്‍ പാട്ടിലെ  വരികള്‍ക്ക് സിനിമയില്‍ ക്രെഡിറ്റ് കൊടുത്തിട്ടുമുണ്ട്. ഈ പ്രശ്‌നം വന്നത് അവരുടെ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് കൊണ്ടാണ്. ഉടലാഴം ടീം പാട്ട് മോഷ്ടിച്ചു എന്നാണ് പ്രചിക്കപ്പെട്ടത്. അവര്‍ പോസ്റ്റ് പിന്‍വലിച്ചു, പക്ഷേ ഇപ്പോഴും ചര്‍ച്ചകള്‍ അങ്ങനെതന്നെയാണ് നടക്കുന്നത്.

ടി.എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ശേഖരിച്ചു വച്ച പാട്ടിന്റെ ഒരു വരിപോലും ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. പാട്ടച്ഛനെ ഓര്‍ക്കുന്നുവെന്നാണ് ഗീത ടീച്ചര്‍ പറഞ്ഞത്. അങ്ങനെ പറയേണ്ട സാഹചര്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല. അത് പാട്ടച്ഛന്റെ പാട്ടല്ല. ശരിക്കും വയലില്‍ പണിയെടുത്തിരുന്ന പാട്ടമ്മമാരുടെ പാട്ടാണ്. പുരുഷന്‍മാരും പാടിയിട്ടുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ ആ പാട്ട് പാടിയത് സ്ത്രീകളാണ്. അതുകൊണ്ട് പാട്ടച്ഛനുമായി യാതൊരു ബന്ധവുമില്ല. 

അദ്ദേഹം ശേഖരിച്ചിട്ടുണ്ടാവും, പക്ഷേ ഉടലാഴത്തിന് വേണ്ടി ഞാന്‍ ശേഖരിച്ചത് കോഴിക്കോട് വേളത്തിനടുത്ത് കുറിച്ച്യകം എന്ന സ്ഥലത്തെ ആളുകള്‍ പാടിയ പാട്ടാണ്. അതുകൊണ്ട് പാട്ടച്ഛന് ക്രെഡിറ്റ് കൊടുക്കേണ്ട കാര്യവുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com