'കബാലി എന്റെ ജീവിതം തകര്‍ത്തു, മുന്നിലുള്ളത് ആത്മഹത്യ മാത്രം'; രജനീകാന്ത് ചിത്രത്തിനെതിരേ വിതരണക്കാരന്‍

5.5 കോടി രൂപ മുടക്കിയാണ് സെല്‍വകുമാര്‍ ചിത്രത്തിന്റെ വിതരണാവകാശം നേടിയത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് 1.5 കോടി രൂപ മാത്രമാണ് ലഭിച്ചത്‌ 
'കബാലി എന്റെ ജീവിതം തകര്‍ത്തു, മുന്നിലുള്ളത് ആത്മഹത്യ മാത്രം'; രജനീകാന്ത് ചിത്രത്തിനെതിരേ വിതരണക്കാരന്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായെത്തിയ കബാലിയിലൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ആരോപിച്ച് ചിത്രത്തിന്റെ വിതരണക്കാരനായ സെല്‍വകുമാര്‍ രംഗത്ത്. പലിശക്കാരില്‍ നിന്ന് പണം കടം വാങ്ങിയാണ് വിതരണാവകാശം നേടിയതെന്നും ചിത്രം വിചാരിച്ച വിജയം നേടാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ആര്‍ക്കാഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് സെല്‍വകുമാറായിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാവ് കലൈപുരി എസ് തനു തന്റെ നഷ്ടം നികത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പലിശക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പത്രസമ്മേളനത്തില്‍ സെല്‍വകുമാര്‍ പറഞ്ഞു. 

'20 മാസങ്ങളായി ഞാന്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. കബാലിയുടെ വിതരണാവകാശം പിടിക്കാന്‍ പലിശക്കാരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. പക്ഷേ  കബാലി അത്ര വിജയമായില്ല. പണം തന്ന് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. തനു സാര്‍ പണം തരാമെന്ന് പറഞ്ഞ് വാക്ക് തന്നു. പക്ഷേ ഇപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോവുകയാണ്.'

'പലിശക്കാര്‍ എന്റെ പിറകെയാണ്. അവര്‍ എന്റെ ജീവിതം അപകടത്തിലാക്കും. ഭാര്യയുടെ താലിമാല വരെ വിറ്റ് പലരുടെയും കടം തീര്‍ത്തു. പക്ഷേ ഇനി പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആത്മഹത്യ ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. എന്റെ മരണമാണ് ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരം.' അദ്ദേഹം വ്യക്തമാക്കി. 5.5 കോടി രൂപ മുടക്കിയാണ് സെല്‍വകുമാര്‍ ചിത്രത്തിന്റെ വിതരണാവകാശം നേടിയത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് 1.5 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാ രഞ്ജിത്ത് സംവിധാനം ചെയ്ത കബാലിക്ക് സമ്മിശ്ര പ്രതികരണമാണ് നേടിയത്. 100 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com