ഡബ്ല്യുസിസിക്ക് പാര്‍വതിയെ അഭിനന്ദിക്കാന്‍ മടി; നടന്‍മാരെ മാത്രം പ്രശംസിച്ച് റിമ കല്ലിങ്കല്‍

സംഘടന അംഗമായ പാര്‍വതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടും അഭിനന്ദിക്കാന്‍ മടി കാണിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്.
ഡബ്ല്യുസിസിക്ക് പാര്‍വതിയെ അഭിനന്ദിക്കാന്‍ മടി; നടന്‍മാരെ മാത്രം പ്രശംസിച്ച് റിമ കല്ലിങ്കല്‍

കൊച്ചി: സംഘടന അംഗമായ പാര്‍വതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടും അഭിനന്ദിക്കാന്‍ മടി കാണിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമ,സ്ത്രീ സംബന്ധിയായ എല്ലാ വിഷയങ്ങളിലും സജീവമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവ് അവാര്‍ഡ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പാര്‍വതിക്ക് ഒരു അഭിനന്ദനം പോലും നേര്‍ന്ന് പോസ്റ്റിട്ടിട്ടില്ല. 

വിമന്‍ ഇന്‍ സിനിമ കളക്ടീവും പാര്‍വതിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മുമ്പ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. 

തനിക്ക് ലഭിച്ച് പുരസ്‌കാരം ഡബ്ല്യുസിസി അംഗങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഡബ്ല്യുസിസിയുടെ ഒഫിഷ്യല്‍ പേജോ മറ്റ് അംഗങ്ങളോ പാര്‍വതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടില്ല. നേരത്തെ കൂട്ടായ്മയിലെ ഒരു അംഗത്തിന്  ഒരു പുരസ്‌കാരം ലഭിച്ചപ്പോള്‍ സംഘടന അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. 

കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചുള്ള പ്രതികരണത്തിന്റെ പേരില്‍ പാര്‍വതിക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം നടന്നപ്പോള്‍ ഡബ്ല്യുസിസി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് പ്രതികരണങ്ങള്‍ മയപ്പെടുത്തിയിരുന്നു. 

സംഘടനയുടെ പ്രധാനപ്പെട്ട നേതാക്കളും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ മഞ്ചു വാര്യരും റിമ കല്ലിങ്കലും സജിത മഠത്തിലും ഒന്നും പാര്‍വതിക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് പോസ്റ്റിട്ടിട്ടില്ല. 

മികച്ച നടനും സ്വഭാവനടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ ഇന്ദ്രന്‍സിനേയും അലന്‍സിയറേയും അഭിനന്ദിച്ച് റിമ കല്ലിങ്കല്‍ പോസ്റ്റിട്ടിട്ടുണ്ട്. എന്നാല്‍ പാര്‍വതിയുടെ പേര് പോലും പരാമര്‍ശിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com