ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്ന് പ്രത്യാശിച്ചു കൊണ്ട്...: ഡബ്ല്യൂസിസി

എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നതായും ഡബ്ല്യൂസിസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.
ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്ന് പ്രത്യാശിച്ചു കൊണ്ട്...: ഡബ്ല്യൂസിസി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി ) രംഗത്ത്. ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നതായും ഡബ്ല്യൂസിസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടിയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 

കേസില്‍ കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പില്‍ മണികണ്ഠന്‍, കതിരൂര്‍ മംഗലശേരി വിപി വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പില്‍ സലിം, തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ്, കണ്ണൂര്‍ ഇരിട്ടി പൂപ്പള്ളിയില്‍ ചാര്‍ലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹഭവനില്‍ സനില്‍കുമാര്‍, കാക്കനാട് ചെമ്പുമുക്ക് കുന്നത്തുവീട്ടില്‍ വിഷ്ണു, ആലുവ ചുണങ്ങംവേലി ചെറുപറമ്പില്‍ അഡ്വക്കേറ്റ് പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേ പാന്തപ്ലാക്കല്‍ അഡ്വക്കേറ്റ് രാജു ജോസഫ് എന്നിവരാണ് ദിലീപിനും പള്‍സര്‍ സുനിക്കും പുറമെയുള്ള പ്രതികള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

താൻ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ് .ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് #അവൾക്കൊപ്പം..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com