'ആ 11 പേര്‍ യുവാക്കളും ആദ്യമായി അവാര്‍ഡ് വാങ്ങുന്നവരും ആയിരുന്നെങ്കില്‍ ഞങ്ങള്‍ കൈയടിച്ചേനേ'; വിവേചനത്തിനെതിരേ റസൂല്‍ പൂക്കുട്ടി

'സ്റ്റാറിന് ഞങ്ങളെ വേണ്ട, ബിസിനസിനും ഞങ്ങളെ വേണ്ട, ഞങ്ങള്‍ വിചാരിച്ചത് രാജ്യത്തിന് ഞങ്ങളെ വേണമെന്നാണ്'
'ആ 11 പേര്‍ യുവാക്കളും ആദ്യമായി അവാര്‍ഡ് വാങ്ങുന്നവരും ആയിരുന്നെങ്കില്‍ ഞങ്ങള്‍ കൈയടിച്ചേനേ'; വിവേചനത്തിനെതിരേ റസൂല്‍ പൂക്കുട്ടി

ദേശിയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാര്‍ക്ക് പിന്തുണയുമായി ഓസ്ര്‍ ജേതാവും ശബ്ദലേഖന കലാകാരനുമായ റസൂല്‍ പൂക്കുട്ടി. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ സാങ്കേതിക പ്രവര്‍ത്തകന്റെ വികാരം മനസിലാക്കാതെയാണ് രാഷ്ട്രപതിയും കേന്ദ്രസര്‍ക്കാരും പെരുമാറിയതെന്ന് അദ്ദേഹം ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. സ്റ്റാറുകള്‍ക്ക് പകരം സാധാരണ സിനിമ പ്രവര്‍ത്തകനെ 11 പേരില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ ആ തീരുമാനത്തിന് കൈയടിക്കുമായിരുന്നെന്നും അദ്ദേഹം കുറിച്ചു. 

അവാര്‍ഡ് ലഭിച്ച 125 പേരില്‍ എല്ലാവര്‍ക്കും ഇത് സ്‌പെഷ്യല്‍ മൊമെന്റായിരിക്കുമെന്ന അവാര്‍ഡ് വിതരണ ചടങ്ങിലെ പ്രസിഡന്റിന്റെ വാക്കുകളെ എടുത്തുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്. എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ആണോയെന്ന് അറിയില്ലെന്നും എന്നാല്‍ ഇതില്‍ ചിലര്‍ക്ക് മാത്രം സ്‌പെഷ്യല്‍ ആണെന്നും അദ്ദേഹം കുറിച്ചു. സിനിമ മേഖലയില്‍ രണ്ട് ലക്ഷത്തോളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിലെ ഭൂരിപക്ഷം പേരാണ് ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ മുന്‍ നിരയിലുള്ളവരല്ലെന്നും ക്യാമറയ്ക്ക് പുറകില്‍ ദിവസം 18 മണിക്കൂറില്‍ അധികം ജോലി ചെയ്യുന്ന തൊഴിലാളികളാണ് അവരെന്നും റസൂല്‍ പൂക്കുറ്റി പറഞ്ഞു. തങ്ങള്‍ സേവന മേഖലയല്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ടാക്‌സ് നല്‍കുന്ന മേഖലയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സിനിമയുടെ എല്ലാ ഗുണങ്ങളും അനുഭവിക്കുന്ന 11 പേര്‍ക്ക് മാത്രമാണ് പ്രസിഡന്റ് അവാര്‍ഡ് സമ്മാനിക്കാനുള്ള അനുവാദം നല്‍കിയത്. ഇതിലൂടെ ചതഞ്ഞരഞ്ഞത് വലിയ വിഭാഗം വരുന്ന സിനിമ പ്രവര്‍ത്തകരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമാണ്. ലോകസിനിമയില്‍ ഇന്ത്യയുടെ പേര് എഴുതിവെച്ചത് സാങ്കേതിക വിഭാഗത്തിലുള്ളവരാണെന്നും എന്നാല്‍ അവരെയാണ് ദേശിയ അവാര്‍ഡ് വേദിയില്‍ തഴഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രസിഡന്റിന് ഒരു മണിക്കൂറില്‍ അധികം ചെലവഴിക്കാന്‍ സമയമില്ലാത്തതിനാലാണ് 11 പേര്‍ക്ക് നല്‍കിയതെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. അങ്ങനെയെങ്കില്‍ മറ്റൊരു ദിവസത്തേക്ക് ചടങ്ങ് മാറ്റിവെക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം ചെലവില്‍ ട്രെയ്‌നിലെ ബസിലോ തങ്ങള്‍ എത്തുമായിരുന്നല്ലോ എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ താരങ്ങള്‍ ഫസ്റ്റ് ക്ലാസ് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍മാണ ചിലവ് കുറക്കാന്‍ ബസിലും ട്രെയ്‌നിലും യാത്ര ചെയ്ത് ഞങ്ങള്‍ക്ക് പരിചയമുണ്ട്. അതിനാല്‍ ബുദ്ധിമുട്ടൊന്നും ഞങ്ങള്‍ക്ക് തോന്നില്ല. 

എന്നാല്‍ ഞങ്ങള്‍ക്ക് വിഷമം തോന്നുന്നത് 125 പേരുടെ പട്ടികയില്‍ നിന്ന് താരങ്ങളേയും താരപ്രഭാവമുള്ളവരേയും മാത്രം തെരഞ്ഞെടുത്തതിലാണ്. ആ 11 പേരും യുവാക്കളും ആദ്യമായി അവാര്‍ഡ് നേടുന്നവരുമായിരുന്നെങ്കില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ കൈയടിക്കുമായിരുന്നു. എന്നാല്‍ ഇങ്ങനെയുള്ളവരെ ഒഴിവാക്കിയതിലാണ് ഞങ്ങള്‍ക്ക് വേദന തോന്നിയത്. അവാര്‍ഡ് ചടങ്ങുകളില്‍ എപ്പോഴും ആദ്യം ക്ഷണിക്കപ്പെടുന്നത് സാങ്കേതിക പ്രവര്‍ത്തകരെയാണ്. അതുപോലെ ടിവി പരിപാടികളില്‍ നിന്ന് വെട്ടിമാറ്റുകയും ചെയ്യുന്നു. സ്റ്റാറിന് ഞങ്ങളെ വേണ്ട, ബിസിനസിനും ഞങ്ങളെ വേണ്ട, ഞങ്ങള്‍ വിചാരിച്ചത് രാജ്യത്തിന് ഞങ്ങളെ വേണമെന്നാണ്. 

ദേശിയ അവാര്‍ഡ് എന്നു പറയുന്നത് രാജ്യത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്. പ്രസിഡന്റിന്റെ കൈയില്‍ നിന്നു വാങ്ങുക എന്നത് ഞങ്ങളുടെ അവകാശമാണ്, ഞങ്ങളുടെ അഭിമാനമാണ്, ഞങ്ങളുടെ സ്വപ്‌നമാണ്. പക്ഷേ ഇന്നലെ എടുത്ത തീരുമാനത്തില്‍ രാജ്യത്തിന്റെ വികാരം ഇല്ലാതാക്കി. മോശമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ഞാന്‍ സാധാരണ സാങ്കേതിക പ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണല്ലോ എന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com