റെക്കോഡുകള്‍ തകര്‍ത്ത് ബാഹുബലി 2; ആദ്യ ഭാഗം ചൈനയില്‍ നിന്ന് നേടിയ മൊത്തം കളക്ഷന്‍ ആദ്യ ദിനം മറികടന്നു

7000 സ്‌ക്രീനുകളിലായാണ് ബാഹുബലി റിലീസ് ചെയ്തത്. ആദ്യ ദിനം 19 കോടിയില്‍ അധികം രൂപയാണ് ചിത്രം വാരിയത്
റെക്കോഡുകള്‍ തകര്‍ത്ത് ബാഹുബലി 2; ആദ്യ ഭാഗം ചൈനയില്‍ നിന്ന് നേടിയ മൊത്തം കളക്ഷന്‍ ആദ്യ ദിനം മറികടന്നു

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഇതുവരെയുണ്ടായിരുന്ന റെക്കോഡുകളെല്ലാം തകര്‍ത്ത് അത്ഭുതമായ് മാറിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ചൈനയും കീഴടക്കുന്നു. ചൈനയില്‍ റിലീസിനെത്തിയ ചിത്രം വിജയം ആവര്‍ത്തിക്കുകയാണ്. ഇന്നലെ ചൈനയില്‍ റിലീസിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ ബാഹുബലിയുടെ ആദ്യ ഭാഗം ചൈനയില്‍ നേടിയ മൊത്തം കളക്ഷനേയും മറികടന്നിരിക്കുകയാണ്.  

7000 സ്‌ക്രീനുകളിലായാണ് ബാഹുബലി റിലീസ് ചെയ്തത്. ആദ്യ ദിനം 19 കോടിയില്‍ അധികം രൂപയാണ് ചിത്രം വാരിയത്. ഇത് ബാഹുബലി 1 ന്റെ മൊത്തം കളക്ഷനേയും നിഷ്പ്രയാസമാണ് മറികടന്നത്. ബാഹുബലി വണ്‍ ഇന്ത്യയില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ചൈനയില്‍ കാര്യമായ താരംഗം സൃഷ്ടിച്ചില്ല. എട്ട് കോടി രൂപമാത്രമാണ് മൊത്തം ചൈനയില്‍ നിന്ന് നേടിയത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എല്ലാ റെക്കോഡുകളും മാറ്റിയെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമ വിദഗ്ധനായ രമേഷ് ബാലയാണ് കളക്ഷനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. 

ഇന്ത്യന്‍ സിനിമകള്‍ക്ക് മികച്ച സ്വീകര്യതയാണ് ചൈനയില്‍ നിന്ന് ലഭിക്കുന്നത്. അമീര്‍ഖാന്‍ ചിത്രങ്ങളായ ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ചിത്രം ബജ്രംഗി ബായ്ജാന്‍ എന്നിവയെല്ലാം ചൈനയില്‍ മികച്ച വിജയമായിരുന്നു. ദംഗലാണ് ഇതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. 1,200 കോടി രൂപയാണ് ചിത്രം നേടിയത്. ഈ ചിത്രങ്ങള്‍ക്കു പിന്നാലെ ബാഹുബലിയും ചൈനീസ് സിനിമ മേഖല കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും ചെലവുകൂടിയ ചിത്രമായി പുറത്തിറങ്ങിയ ബാഹുബലി 2 ലോകവ്യാപകമായി 1,700 കോടി രൂപയാണ് നേടിയത്. ഇന്ത്യയിലെ ഏറ്റവും വിജയകരമായ ചിത്രമായി മാറാനുള്ള കുതുപ്പിലാണ് ബാഹുബലി 2. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ശര്‍മ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജമൗലിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com