'മലയാളം കടുകട്ടിയാ... അഭിനയിക്കാനും സംവിധാനം ചെയ്യാനും ഭയങ്കര ബുദ്ധിമുട്ടാ';  മലയാള സിനിമയെ പുകഴ്ത്തി പ്രഭുദേവ

മലയാള സിനിമ വ്യത്യസ്തമായൊരു ലോകമാണ്, അതിനാല്‍ മലയാളത്തിലേക്ക് വരുന്നത് വളരെ സൂക്ഷിച്ചായിരിക്കും 
'മലയാളം കടുകട്ടിയാ... അഭിനയിക്കാനും സംവിധാനം ചെയ്യാനും ഭയങ്കര ബുദ്ധിമുട്ടാ';  മലയാള സിനിമയെ പുകഴ്ത്തി പ്രഭുദേവ

സ്വാഭാവികമായി അഭിനയിക്കാനുള്ള മലയാളികളുടെ കഴിവിനെ പുകഴ്ത്തി തെന്നിന്ത്യന്‍ താരം പ്രഭുദേവ. മലയാള സിനിമ വ്യത്യസ്തമായൊരു ലോകമാണെന്നാണ് ഇന്ത്യന്‍ മൈക്കിള്‍ ജാക്‌സന്റെ അഭിപ്രായം. അതിനാല്‍ മലയാളത്തിലേക്ക് വരുന്നത് വളരെ സൂക്ഷിച്ചായിരിക്കുമെന്നാണ് താരം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവ മലയാള സിനിമ മേഖലയേയും അഭിനേതാക്കളേയും പുകഴ്ത്തിയത്. 

പൃഥ്വിരാജ് നായകനായെത്തിയ ഉറുമിയിലെ വേഷത്തിന് ശേഷം പ്രഭുദേവ മലയാളത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ എന്താണ് താന്‍ മലയാളം സിനിമ ചെയ്യാത്തതെന്ന് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. സന്തോഷ് ശിവന്‍ കാരണമാണ് ഉറുമിയില്‍ അഭിനയിച്ചത്. മോളിവുഡ് വ്യത്യസ്തമായൊരു ലോകമാണ്. സൂപ്പര്‍സ്റ്റാറുകളുടേയും യുവാക്കളുടേയും ചിത്രങ്ങള്‍ ഞാന്‍ കാണാറുണ്ട്. ഇവ എല്ലാം മികച്ചതായിരിക്കും. സിനിമ എടുക്കുന്നത് വളരെ വ്യത്യസ്തമായിട്ടാണ് അതുപോലെ ഓരോ ചിത്രങ്ങളും യുണീക് ആയിരിക്കും. മലയാളത്തിന്റെ പ്രതീക്ഷകളും നിലവാരവും ഉയര്‍ന്നതായതിനാല്‍ സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതും വളരെ ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കൂടാതെ മലയാളം ഭാഷയും വളരെ ബുദ്ധിമുട്ടാണ്. പ്രഭുദേവ പറഞ്ഞു. 

മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് താരം പറയുന്നത്. മലയാളത്തിലേക്ക് ഒരു സംവിധായകനായോ അഭിനേതാവായോ ഏത് സമയത്തും എത്താം. എന്നാല്‍ ഒരു ഡാന്‍സ് സിനിമയുമായി എന്തായാലും മലയാളത്തിലേക്കില്ല. അത് ക്ലീഷെയാണെന്നാണ് അദ്ദേഹം പറയുന്നത്. ഡാന്‍സര്‍ ആയതിനാല്‍ ഡാന്‍സ് സിനിമകള്‍ എടുക്കാന്‍ എളുപ്പമാണെന്ന് ചിന്തിക്കരുതെന്നും ഇത് വളരെ ബുദ്ധമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മെര്‍ക്കുറിയാണ് പ്രഭുദേവിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ മലയാളി താരം രമ്യ നമ്പീശനുമുണ്ട്. രമ്യ മികച്ച അഭിനയത്രിയാണെന്നാണ് പ്രഭുദേവ പറയുന്നത്. വളരെ പെട്ടെന്ന് കഥാപാത്രമായി മാറാന്‍ രമ്യയ്ക്ക് കഴിയും. അതുകൊണ്ട് ഒരിക്കല്‍ മലയാളികള്‍ക്ക് എങ്ങനെയാണ് സ്വാഭാവികമായി അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ സവിശേഷമായ ഗുണമാണ് ഇതെന്നാണ് പ്രഭുദേവ പറയുന്നത്. 

രമ്യയെപ്പോലെ നിരവധി മലയാളികള്‍ സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാം സിനിമകളിലും മലയാളികളും തെലുങ്കന്മാരും കന്നഡികരുമുണ്ടാകും. എന്നാല്‍ സിനിമയില്‍ എല്ലാവരും കലാകാരന്മാരായാണ് കാണുന്നത്. അല്ലാതെ അവരെ വേര്‍തിരിക്കുന്നത് മനുഷ്യര്‍ നിര്‍മിച്ച അതിര്‍ത്തികള്‍വെച്ചല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com