'അത് ഞങ്ങളുടെ വികാരമാണ്, ലേലം ചെയ്ത് മുറിപ്പെടുത്തരുത്'; അക്ഷയ് കുമാറിനും ഭാര്യയ്ക്കുമെതിരേ സൈനികരുടെ വക്കീല്‍ നോട്ടീസ്

നാവികസേനയുടെ ഒറിജിനല്‍ യൂണിഫോമുകളാണെന്ന് പറഞ്ഞാണ് ഇവര്‍ ചിത്രത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വച്ചതെന്ന് ആരോപിച്ചാണ് സൈനികര്‍ കോടതിയെ സമീപിച്ചത്
'അത് ഞങ്ങളുടെ വികാരമാണ്, ലേലം ചെയ്ത് മുറിപ്പെടുത്തരുത്'; അക്ഷയ് കുമാറിനും ഭാര്യയ്ക്കുമെതിരേ സൈനികരുടെ വക്കീല്‍ നോട്ടീസ്

ബോളിവുഡ് താരം അക്ഷയ്കുമാറിനും ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കും എതിരേ ഒരു കൂട്ടം സൈനികര്‍ രംഗത്ത്. റുസ്തം എന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ ഉപയോഗിച്ച നാവികസേനയുടെ വേഷങ്ങള്‍ ലേലം ചെയ്യുന്നതിനെതിരെയാണ് സൈനികര്‍ താരത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സൈന്യത്തിന്റെ വികാരത്തില്‍ തൊട്ടുകളിക്കരുതെന്നാണ് പതിനൊന്ന് നാവിക സേന ഉദ്യോഗസ്ഥരും മറ്റ് എട്ടു പേരും ചേര്‍ന്നയച്ച നോട്ടീസില്‍ പറയുന്നത്. 

റുസ്തത്തിലെ അഭിനയത്തിന് 2017 ല്‍ അക്ഷയ്കുമാറിന് ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു. നാവികസേനയുടെ ഒറിജിനല്‍ യൂണിഫോമുകളാണെന്ന് പറഞ്ഞാണ് ഇവര്‍ ചിത്രത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വച്ചതെന്ന് ആരോപിച്ചാണ് സൈനികര്‍ കോടതിയെ സമീപിച്ചത്. സൈനിക വേഷങ്ങളും ബാഡ്ജുമെല്ലാം ഇത്തരത്തില്‍ വില്‍പന നടത്തുന്നത് രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്നും ഇത്തരം യൂണിഫോമുകളും മറ്റും വിധ്വംസക ശക്തികളുടെ കൈയിലെത്തിയാല്‍ അത് രാജ്യത്ത് വലിയ കുഴപ്പങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും നോട്ടീസില്‍ പറയുന്നു. 

ലേലം തടയണമെന്നും അക്ഷയ്കുമാറിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിനും ലേലത്തിന്റെ ചുമതലയുള്ള സോള്‍ട്ട് സ്‌കൗട്ടിനും നോട്ടീസ് അയച്ചിട്ടുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയുടെ ധനശേഖരണാര്‍ഥം കഴിഞ്ഞമാസമാണ് അക്ഷയ്ക്കും ട്വിങ്കിളും ചേര്‍ന്ന് നാവിക സേനാ യൂണിഫോമുകള്‍ ലേലത്തിനുവച്ചത്. 2,35,000 രൂപ മുതലാണ് ലേലം ആരംഭിക്കുന്നത്. ഈ മാസം 26 നാണ് ലേലം അവസാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com