ദുല്‍ഖറിന് ആശംസ നേരാന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് ഇടവേള കൊടുത്ത് ഇര്‍ഫാന്‍ ഖാന്‍; നന്ദി പറഞ്ഞ് ഡിക്യുവും

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറുന്ന കാര്‍വാനിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീണ്ടും വന്നിരിക്കുന്നത്
ദുല്‍ഖറിന് ആശംസ നേരാന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് ഇടവേള കൊടുത്ത് ഇര്‍ഫാന്‍ ഖാന്‍; നന്ദി പറഞ്ഞ് ഡിക്യുവും

ഴിഞ്ഞ മാര്‍ച്ചില്‍ ആരാധകരെ ദുഖത്തിലാഴ്ത്തിക്കൊണ്ടാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ രോഗ വിവരം പുറത്തുവരുന്നത്. രോഗത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനം ഇര്‍ഫാന്‍ തന്നെയാണ് മറുപടി പറഞ്ഞത്. വയറ്റില്‍ വരുന്ന ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിതനാണ് താനെന്ന് അദ്ദേഹം ആരാധകരോട് പറഞ്ഞു. തന്റെ രോഗത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു.

പിന്നീട് നീണ്ട നാള്‍ ഇര്‍ഫാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് താരം. ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറുന്ന കാര്‍വാനിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീണ്ടും വന്നിരിക്കുന്നത്. ദുല്‍ഖറിനും ചിത്രത്തിലെ നായിക മിഥില പല്‍ക്കറിനും ആശംസകളും താരം നേര്‍ന്നിട്ടുണ്ട്. 

'പരിചയസമ്പന്നര്‍ക്ക് നല്‍കാന്‍ കഴിയാത്ത നിഷ്‌കളങ്കത തുടക്കങ്ങള്‍ക്കുണ്ടാകും. ദുല്‍ഖറിനും മിഥിലയ്ക്കും ആശംസകള്‍', അദ്ദേഹം കുറിച്ചു. ഉടനെ എത്തി ദുല്‍ഖര്‍ സല്‍മാന്റെ മറുപടി. 'വളരെ അധികം നന്ദി സാര്‍, താങ്കള്‍ക്കൊപ്പമുള്ള തുടക്കത്തേക്കാള്‍ മികച്ചതായി ആഗ്രഹിച്ചിട്ടില്ല! താങ്കള്‍ വേഗം സുഖം പ്രാപിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.' 

അര്‍ബുദ ബാധിതനായതിനാല്‍ യുകെയില്‍ ചികിത്സയിലാണ് അദ്ദേഹം. താരത്തിന്റെ രോഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കുറവൊന്നുമില്ല. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും അര്‍ഫാന്റെ വക്താവ് രംഗത്തെത്തിയിരുന്നു. 

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന കാര്‍വാനില്‍ ഇര്‍ഫാന്‍, ദുല്‍ഖര്‍, മിഥില എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com