ദാദയുടെ ജീവിതവും സിനിമയാകുന്നു; ആരാധകരെ ആവേശത്തിലാക്കി റിപ്പോര്‍ട്ട്

സൗരവ് ഗാംഗുലിയുടെ ആത്മകഥയായ 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ദാദയുടെ ജീവിതവും സിനിമയാകുന്നു; ആരാധകരെ ആവേശത്തിലാക്കി റിപ്പോര്‍ട്ട്

ക്രിക്കറ്റ് ഇതാഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണിക്കും പിന്നാലെ ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു. സൗരവ് ഗാംഗുലിയുടെ ആത്മകഥയായ 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എതിരാളികള്‍ക്ക് പേടിസ്വപ്‌നമായിരുന്ന ദാദയുടെ ജീവിതം സിനിമയാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

സച്ചിന്റേയും ധോണിയുടേയും ചിത്രങ്ങള്‍ മികച്ച വിജയമായതാണ് ഗാംഗുലിയെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ ആള്‍ട്ട് ബാലാജി പ്രൊഡക്ഷന്‍സാണ് ഗാംഗുലിയുടെ ജീവചരിത്ര സിനിമയുമായി എത്തുന്നത്. 

സിനിമ നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് നേരത്തെ പ്രൊഡക്ഷന്‍ ഹൗസ് ഗാംഗുലിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അനുകൂലമായ മറുപടിയാണ് താരം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയില്‍ നിന്നുളള ഒരാള്‍ തന്റെ സിനിമയുടെ സംവിധായകനായി വരണമെന്ന് ഗാംഗുലിക്ക് താല്‍പര്യമുളളതായും അറിയുന്നു. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. 

ജന്മദേശമായ കൊല്‍ക്കത്തയിലെ ബീരന്‍ റോയ് റോഡില്‍ നിന്നും ലോര്‍ഡ്‌സ് വരെയുളള യാത്രയായിരുന്നു ഗാംഗുലി തന്റെ ആത്മകഥയില്‍ പരാമര്‍ശിച്ചിരുന്നത്. 2002ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യ വിജയറണ്‍ നേടിയപ്പോള്‍ ദാദ തന്റെ ഷര്‍ട്ട് ഊരി കറക്കിയതുള്‍പ്പെടെയല്ലാം ചരിത്രത്തില്‍ ഇടം പിടിച്ചവയായിരുന്നു. 1983ലെ കിരീട നേട്ടത്തിനു ശേഷം 2003ല്‍ ഇന്ത്യയെ ലോകകപ്പ് ഫൈനല്‍ വരെയെത്തിച്ചത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സി മികവുകൊണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com