പിറന്നാള്‍ ബ്ലോഗുമായി മോഹന്‍ലാല്‍; വരിയില്‍ അവസാനം നില്‍ക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കുമെന്ന് താരം

ധനസമ്പാദമോ പദവികളില്‍ നിന്നും പദവിയിലേക്കുള്ള പരക്കംപാച്ചിലുകളോ പ്രശസ്തിയുടെ പകിട്ടോ അല്ല, അച്ഛന്റേയും അമ്മയുടേയും പേരിനെ, ഓര്‍മ്മയെ സമൂഹത്തിന് സേവനമാക്കി മാറ്റുകയാണ് വേണ്ടത്
പിറന്നാള്‍ ബ്ലോഗുമായി മോഹന്‍ലാല്‍; വരിയില്‍ അവസാനം നില്‍ക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കുമെന്ന് താരം

ല്ലാ മാസവും 21 ന് മോഹന്‍ലാല്‍ ബ്ലോഗ് എഴുതും. മറ്റ് 21 കളേക്കാള്‍ സ്‌പെഷ്യലാണ് മെയ് 21. കാരണം താരത്തിന്റെ ജന്മദിനമാണ്. ഇത്തവണത്തെ പിറന്നാള്‍ ദിനം വ്യത്യസ്തമായി ആഘോഷിക്കാനുള്ള തീരുമാനത്തിലാണ് ദി കംപ്ലീറ്റ് ആക്റ്റര്‍. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി രൂപീകരിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാക്കുമെന്നാണ് തന്റെ ബ്ലോഗിലൂടെ അദ്ദേഹം അറിയിച്ചിരിക്കുന്നത്. വരിയില്‍ അവസാനം നില്‍ക്കുന്നവര്‍ക്ക് സഹായം എത്തിക്കുക എന്നതാണ് പ്രസ്ഥാനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ജന്മദിനത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ സ്വന്തം കാര്യമല്ല മാതിപിതാക്കളെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നാണ് താരം പറയുന്നത്. ധനസമ്പാദമോ പദവികളില്‍ നിന്നും പദവിയിലേക്കുള്ള പരക്കംപാച്ചിലുകളോ പ്രശസ്തിയുടെ പകിട്ടോ അല്ല അച്ഛനും അമ്മയ്ക്കും നല്‍കേണ്ടതെന്നും അവരുടെ പേരിനെ, ഓര്‍മ്മയെ സമൂഹത്തിന് സേവനമാക്കി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി മൂന്ന് വര്‍ഷം മുന്‍പാണ് മോഹന്‍ലാല്‍ വിശ്വശാന്തിയെന്ന് പ്രസ്ഥാനം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നിശബ്ദമായാണ് ഇത് പ്രവര്‍ത്തിച്ചു വന്നത്. എന്നാല്‍ ഈ വര്‍ഷം പ്രവര്‍ത്തനം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. 

വിദ്യാഭ്യാസം ആരോഗ്യ രംഗങ്ങളിലാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ ശ്രദ്ധ ചെലുത്തുന്നത്. വയനാട്ടിലേയും തിരുവനന്തപുരത്തേയും പിന്നോക്ക ജനവിഭാഗങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളുടെ പഠന നിലവാരം ഉയര്‍ത്താനായി ഹൈടെക് ക്ലാസ് റൂമുകള്‍ ഉണ്ടാക്കാന്‍ ധനസഹായവും ഉപകരണവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആരോഗ്യരംഗത്ത് 1.5 കോടി രൂപയില്‍ അധികമുള്ള സേവനപ്രവര്‍ത്തനങ്ങളും വിശ്വശാന്തി ചെയ്തു കഴിഞ്ഞെന്നും വ്യക്തമാക്കി. 

മഹാത്മാഗാന്ധി പറഞ്ഞതുപോലെ ഏറ്റവും അവസാനത്തെ മനുഷ്യനും പ്രാപ്യമാവുമ്പോള്‍ മാത്രമാണ് വികസനം സ്വാര്‍ത്ഥമാവുകയൊള്ളുവെന്നും അതിനാല്‍ വരിയില്‍ ഏറ്റവും അവസാനം നില്‍ക്കുന്നവര്‍ക്കാണ് വിശ്വശാന്തി സഹായം നല്‍കുന്നത്. ഇതുവരെ ചെയ്തതുകൊണ്ടു മാത്രം മതിയാവില്ലെന്ന് അറിയാമെങ്കിലും ഇരുട്ടിനെ പഴിക്കുന്നതിനേക്കാള്‍ ഒരു ചെറുതിരിയെങ്കിലും കൊളുത്തുന്നതാണ് നല്ലതെന്നാണ് വിശ്വാസിക്കുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരാന്‍ മോഹന്‍ലാല്‍ ആരാധകരേയും ക്ഷണിക്കുന്നുണ്ട്. ഇതായിരിക്കും തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com