ഈ ലോകം മൊത്തം അവരുടെ സംരക്ഷണം ഏറ്റെടുക്കണം: ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ ക്യാംപ് സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര

യുനിസെഫിന്റെ ചൈല്‍ഡ് റൈറ്റ്‌സ് ഗുഡ്‌വില്‍ അംബാസിഡറാണ് ബോളിവുഡ് താരം കൂടിയായ പ്രിയങ്ക ചോപ്ര.
ഈ ലോകം മൊത്തം അവരുടെ സംരക്ഷണം ഏറ്റെടുക്കണം: ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ ക്യാംപ് സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര

യുനിസെഫിന്റെ ചൈല്‍ഡ് റൈറ്റ്‌സ് ഗുഡ്‌വില്‍ അംബാസിഡറാണ് ബോളിവുഡ് താരം കൂടിയായ പ്രിയങ്ക ചോപ്ര. മോഡലിങ്ങിലും അഭിനയത്തിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല താരത്തിന്റെ ജീവിതം. അതുകൊണ്ടാണ് താരം റോഹിന്‍ഗ്യന്‍ ക്യാംപിലെത്തിയതും അവിടുത്തെ കുട്ടികളെ സന്ദര്‍ശിച്ചതും. 

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച വിവരം പ്രിയങ്ക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'യൂണിസെഫിനൊപ്പം ബംഗ്ലാദേശിലെ കോക്‌സ് ബസാറസിലാണ് ഞാനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ അഭായാര്‍ഥി ക്യാമ്പുകളില്‍ ഒന്നാണിത്'- അവര്‍ ട്വീറ്റ് ചെയ്തു. കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് പ്രിയങ്കയുടെ ട്വീറ്റ്. 

റോഹിന്‍ഗ്യന്‍ കുട്ടികളുടെ ദയനീയമായ ജീവിതത്തെക്കുറിച്ച് വളരെ വൈകാരികമായിട്ടാണ് പ്രിയങ്ക പ്രതികരിച്ചത്. സാധാരണമായ ജീവിതത്തിനും നല്ല ഭാവിക്കും അവര്‍ക്ക് അവകാശമുണ്ട്, അതിന് അവരെ സഹായിക്കണമെന്നും താരം പറഞ്ഞു. 

'2017ന്റെ പകുതിയില്‍ മ്യാന്‍മറിലെ(ബര്‍മ്മ) രാഖിനെയിലെ വംശഹത്യയുടെ ഭീകരമായ ചിത്രങ്ങളാണ് ലോകം കണ്ടത്. ഈ കലാപം മൂലം ഏഴ് ലക്ഷം റോഹിന്‍ഗ്യകള്‍ക്ക് തങ്ങളുടെ നാട് വിട്ട്, അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്നു. ഇതില്‍ അറുപത് ശതമാനം കുട്ടികളാണ്. മാസങ്ങള്‍ക്ക് ശേഷവും അവര്‍ അപകടകരമായ, ദയനീയമായ സാഹചര്യങ്ങളില്‍ ക്യാമ്പുകളില്‍ തിങ്ങിപ്പാര്‍ക്കുകയാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ അടുത്ത നേരത്തെ ആഹാരം എപ്പോള്‍ കിട്ടുമെന്നോ ഉള്ള യാതൊരു നിശ്ചയവും അവര്‍ക്കില്ല. 

മഴക്കാലമാണ് വരുന്നത്. അതിന് മുന്‍പായി അവരെ സുരക്ഷിതമാക്കണം. ഇതുവരെ ഉണ്ടാക്കിയതെല്ലാം മഴയില്‍ തകരുമെന്ന ഭീതിയിലാണവര്‍. യാതൊരു ഭാവിയും മുന്നിലില്ലാത്ത ഒരു വലിയ തലമുറയാണ് അവിടെ കഴിയുന്നത്. ആ പുഞ്ചിരികളില്‍ എനിക്ക് കാണാം അവരുടെ കണ്ണുകളിലെ ശൂന്യത. അവര്‍ക്ക് ലോകത്തിന്റെ സംരക്ഷണം വേണം. ഇവരാണ് നമ്മുടെ ഭാവി. ഇവരെ നമ്മളെല്ലാവരും ചേര്‍ന്ന് സഹായിക്കേണ്ടതുണ്ട്. ദയവ് ചെയ്ത് ഇവരെ സഹായിക്കൂ' - പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതി.

ഫീല്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ ക്യാമ്പിലേക്ക് പോകുന്ന ചിത്രം പ്രിയങ്ക നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. വിമാനത്തില്‍ പുറത്തേക്ക് നോക്കിയിരിക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. കുട്ടികളെ സഹായിക്കണം എന്ന് തന്നെയായിരുന്നു ആ പോസ്റ്റിലും പ്രിയങ്ക പറഞ്ഞത്.

പതിറ്റാണ്ടോളം യുനിസെഫില്‍ സേവനമനുഷ്ടിച്ച പ്രിയങ്ക യുനിസെഫിന്റെ ദേശീയ, അന്തര്‍ദേശീയ ഗുഡ്‌വില്‍ അംബാസിഡറായി 2010ലും 2016ലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശം എന്നിവയുടെ പ്രചാരണവും പ്രിയങ്ക നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com