പശുക്കുട്ടിയെ നായികയാക്കി; സിനിമയ്ക്ക് 'എ' സര്‍ട്ടിഫിക്കേറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

പശുക്കുട്ടിയും സംസാരിക്കാന്‍ കഴിയാത്ത ശംഭു എന്ന ചെറുപ്പക്കാരനും തമ്മിലുള്ള ആത്മ ബന്ധമാണ് സിനിമയുടെ പ്രമേയം
പശുക്കുട്ടിയെ നായികയാക്കി; സിനിമയ്ക്ക് 'എ' സര്‍ട്ടിഫിക്കേറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

മൃഗങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ പശുവാണ് പ്രധാന കഥാപാത്രമെങ്കില്‍ കളി മാറും. പശുവിനെ നായികയാക്കിയതിനാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുകയാണ് സെന്‍സര്‍ബോര്‍ഡ്. നന്ദു വരവൂര്‍ സംവിധാനം ചെയ്ത 'പയ്ക്കുട്ടി' എന്ന സിനിമയെയാണ് സെന്‍സര്‍ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റില്‍ കൊളുത്തിയത്. കൂടാതെ ചിത്രത്തിന്റെ പേര് മാറ്റാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് വ്യക്തമാക്കിയത്. 

പശുക്കുട്ടിയും സംസാരിക്കാന്‍ കഴിയാത്ത ശംഭു എന്ന ചെറുപ്പക്കാരനും തമ്മിലുള്ള ആത്മ ബന്ധമാണ് സിനിമയുടെ പ്രമേയം. സെന്‍സറിങ്ങിന്റെ ഭാഗമായി സിനിമയില്‍ നിന്ന് 24 ഓളം രംഗങ്ങളാണ് വെട്ടിക്കളഞ്ഞത്. ഒരുമാസത്തോളം ഇതിന്റെ പിന്നാലെ നടത്തി കഷ്ടപ്പെടുത്തിയെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കേരളത്തില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം കുവൈറ്റില്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. 

ഒരു തരത്തിലുള്ള അശ്ലീലമായ രംഗവും ചിത്രത്തിലില്ലെന്നും എന്നാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതോടെ കുടുംബപ്രേക്ഷകര്‍ സിനിമകാണാന്‍ മടിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പേടി. കുടുംബപ്രേക്ഷകരെയാണ് സിനിമ ലക്ഷ്യമിടുന്നത്.

പ്രദീപ് നളന്ദയാണ് നായക കഥാപാത്രമായ ശംഭുവിനെ അവതരിപ്പിക്കുന്നത്. നാടകപ്രവര്‍ത്തകനായ ശംഭു രഞ്ജിത്തിന്റെ പാലേരിമാണിക്യമടക്കമുള്ള സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. 25 നാണ് സിനിമ തീയറ്ററുകളിലെത്തുന്നത്. 50 തീയറ്റററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സുഭാഷ് രാമനാട്ടുകരയും ബൈജു മാഹിയും ചേര്‍ന്നാണ് നിര്‍മാണം. സംവിധായകന്‍ നന്ദു വരവൂരിന്റേത് തന്നെയാണ് കഥ. സുധീഷ് വിജയന്‍ വാഴൂരാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. വിനോദ് വിക്രമാണ് ക്യാമറ. അരുണ്‍ രാജ്  സംഗീതവും ജയന്‍ പള്ളുരുത്തി, ഷാജി പനങ്ങാട്ട്, സജി കാക്കനാട് എന്നിവര്‍ ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com