'അയാള്‍ എന്നെ മടിയിലേക്ക് കയറ്റി ഇരുത്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു'; സീരിയല്‍ താരം പറയുന്നു

ആറു വയസ്സുള്ളപ്പോള്‍ ബസില്‍ വെച്ച് പ്രായമായ ഒരാളില്‍ നിന്നുണ്ടായ ദുരനുഭവമാണ് നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ തുറന്നു പറഞ്ഞത്
'അയാള്‍ എന്നെ മടിയിലേക്ക് കയറ്റി ഇരുത്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു'; സീരിയല്‍ താരം പറയുന്നു

ചെറുപ്പത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹിന്ദി ടെലിവിഷന്‍ താരം ശ്രേനു പരിഖ്. ആറു വയസ്സുള്ളപ്പോള്‍ ബസില്‍ വെച്ച് പ്രായമായ ഒരാളില്‍ നിന്നുണ്ടായ ദുരനുഭവമാണ് നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ തുറന്നു പറഞ്ഞത്. മുത്തച്ഛനൊപ്പം ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ശ്രേനുവിന് നേരെ അതിക്രമമുണ്ടായത്. ബസില്‍ തിരക്കായതിനാല്‍ മടിയില്‍ പിടിച്ചിരുത്തിയ  പ്രായമായ മനുഷ്യനാണ് താരത്തെ ചൂഷണം ചെയ്തത്. നിരവധി സ്ത്രീകള്‍ക്ക് ഇത്തരം ദുരനുഭവമുണ്ടാകുന്നുണ്ടെന്നും മൗനം വെടിഞ്ഞ് ഇത് തുറന്നു പറയാന്‍ എല്ലാവരും തയാറാകണമെന്നും തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു. 

'കുട്ടിക്കാലത്ത് മുത്തച്ഛനും മുത്തിശ്ശിക്കുമൊപ്പമായിരുന്നു എന്റെ അവധി ചിലവഴിച്ചിരുന്നത്. അന്ന് ഒരു ലോക്കല്‍ ബസില്‍ ഞാന്‍ മുത്തച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്നു. ബസില്‍ തിരക്കായതിനാല്‍ എനിക്കൊരു സീറ്റ് നല്‍കാന്‍ യാത്രക്കാരനോട് ആവശ്യപ്പെട്ടു. സീറ്റില്‍ ഇരിക്കുകയായിരുന്ന അങ്കിള്‍ അദ്ദേഹത്തിന്റെ മടിയില്‍ ഇരുന്നുകൊള്ളാന്‍ പറഞ്ഞു. എന്നെ ബുദ്ധിമുട്ടിപ്പിക്കേണ്ടെന്ന് കരുതി മുത്തച്ഛന്‍ അയാളുടെ മടിയില്‍ ഇരുത്തി.

കുട്ടിയായിരുന്ന എനിക്ക് പിന്നീട് സംഭവിക്കാന്‍ പോകുന്നതെന്തെന്ന് അറിയില്ലായിരുന്നു. കുറച്ച് സമയം ഉറങ്ങി എഴുന്നേറ്റപ്പോഴാണ് മോശമായ രീതിയില്‍ എന്റെ ശരീരത്തില്‍ ആ അങ്കിള്‍ തൊടുന്നത് മനസ്സിലായത്. എന്തൊ കുഴപ്പമുണ്ടെന്ന് മനസ്സിലായെങ്കിലും ഒന്നും മിണ്ടാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്നെ അങ്ങനെ പിടിക്കുന്നത് അങ്കിളിന് ബുദ്ധിമുണ്ടാകാതിരിക്കാനാണെന്ന് കുട്ടിയായ ഞാനും വിചാരിച്ചു. കുറച്ചകലെ ബസില്‍ നില്‍ക്കുന്ന മുത്തച്ഛനെ എനിക്ക് കാണാമായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് അപ്പോഴോ പിന്നീടോ മുത്തച്ഛനോട് ഞാന്‍ പറഞ്ഞിട്ടില്ല. 

ഇന്ന് ഇത് തുറന്ന് പറയണമെന്ന് തോന്നി. ആറുവയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അയാള്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും എന്റെ മനസ്സില്‍ ഉണ്ട്. ഇതൊരൊറ്റപ്പെട്ട സംഭവമല്ല, പലര്‍ക്കും സംഭവിച്ചിട്ടുണ്ട്. എന്റെ കൂട്ടുകാരികള്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും ഇത് തുറന്നുപറയുന്നില്ല. സമൂഹം നമ്മളെ വിശ്വസിക്കുമോ, അല്ലെങ്കില്‍ മോശമായി കാണുമോ എന്ന ഭയമാണ് ഇതിന് കാരണം. നമ്മുടെ സത്യങ്ങള്‍ നാം തന്നെയാണ് തുറന്നുപറയേണ്ടത്. നടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com