പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല; രജനികാന്ത് ദൃശ്യം സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് സംവിധായകന്‍ ജിത്തു ജോസഫ്

പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല; രജനികാന്ത് ദൃശ്യം സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് സംവിധായകന്‍ ജിത്തു ജോസഫ്
പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല; രജനികാന്ത് ദൃശ്യം സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് സംവിധായകന്‍ ജിത്തു ജോസഫ്

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമല്‍ഹാസനൊപ്പം തന്നെ രജനികാന്തിനെയും പരിഗണിച്ചിരുന്നതായി സംവിധായകന്‍ ജിത്തു ജോസഫ്. അന്ന് രജനി സാറിന് സിനിമ ഇഷ്ടമായെങ്കിലും പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്‍മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നതെന്നും ജിത്തു പറഞ്ഞു.

സൂപ്പര്‍സ്റ്റാര്‍ പദവി ഒരു നടനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹം. സൂപ്പര്‍സ്റ്റാറായി കഴിഞ്ഞാല്‍ അയാളിലെ നടനെ നിയന്ത്രിക്കേണ്ടി വരുമെന്നും പ്രതിഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നു കരുതി പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

'മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.'-ജീത്തു പറയുന്നു.

ദൃശ്യത്തില്‍ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. അനിവാര്യമായ ഒരു രംഗമായിരുന്നു അത്. അന്ന് പലരും അതിനോട് യോജിച്ചില്ല. ആരാധകര്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട് പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നുമായിരുന്നു പ്രതികരണം.

കാളിദാസിനെ നായകനാക്കി ഒരുക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡിയാണ് ജീത്തു ജോസഫിന്റെ അടുത്ത മലയാളചിത്രം.'ഹ്യൂമറാണ് ഈ ചിത്രത്തിന്റെ അടിത്തറ. ഇതുവരെ ചെയ്തതില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു ചിത്രം. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന ചിത്രമാണ്. വലിയൊരു ക്വട്ടേഷന്‍ സംഘം രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അതിന് ത്രാണിയില്ലാത്ത അഞ്ച് യുവാക്കളുടെ കഥയാണ്. അവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നു. നല്ല തന്റേടിയായ ഒരു പെണ്‍കുട്ടി. അവരും ആ പെണ്‍കുട്ടിയും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com