തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് സംവിധായകന്‍ മണിരത്‌നത്തിന്റേത്. അത്രയ്ക്കധികം സൂപ്പര്‍ഹിറ്റുകളാണ് അദ്ദേഹം ചലച്ചിത്രലോകത്തിന് സമ്മാനിച്ചത്. മലയാളത്തിലെ സൂപ്പര്‍ നടന്‍മാരെല്ലാം മണിരത്‌നത്തിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനിടെ മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
മണിരത്‌നത്തിന്റെ സിനിമയിലഭിനയിക്കുകയെന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ പോകുന്ന പോലെയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. സാവര്‍ എന്റര്‍ടൈന്‍മെന്റിന്റെ ഓഡിയോ ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദുല്‍ഖര്‍ മണിരത്‌നത്തെ കുറിച്ച് വാചാലനായത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി മണിരത്‌നത്തിന്റെ ദളപതിയില്‍ അഭിനയിക്കുമ്പോഴേ കുഞ്ഞു ദുല്‍ഖര്‍ ലൊക്കേഷനില്‍ കൂടെ പോയിരുന്നു. 'ദളപതിക്കു ശേഷവും വാപ്പച്ചിയും മണിരത്‌നം സാറും പിന്നെയും കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. ഇരുവര്‍ എന്ന ചിത്രത്തിന്റെ സമയത്താണ് അവര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. സിനിമകളുടെ ചര്‍ച്ചകളും നടന്നിരുന്നു. ചെന്നൈയില്‍ സാറിന്റെ ഓഫീസും എന്റെ വീടും അടുത്തടുത്തായതിനാല്‍ എപ്പോഴും കാണുമായിരുന്നു'- ദുല്‍ഖര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം മണിരത്‌നത്തിന്റെ സിനിമയില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ വല്ലാത്ത ഭയമായിരുന്നുവെന്നും ദുല്‍ഖര്‍ തുറന്നു പറഞ്ഞു. 'ഷൂട്ടിങ്ങിനിടയില്‍ മണി സാറിനൊപ്പമിരിക്കുമ്പോള്‍ എന്തെങ്കിലും സംസാരിക്കണമെന്ന് എപ്പോഴും തോന്നും. സാര്‍ പൊതുവെ നിശബ്ദനാണ്. എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടാകും. എന്തെങ്കിലും പറയൂ.. എന്നാല്‍ ചുറ്റും കഠോരമായ നിശബ്ദതയായിരിക്കും.
അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഉള്ളില്‍ സിനിമയിലെ ഓരോ സീനുകളായിരിക്കുമെന്ന് ഉറപ്പാണ്. മണിസാറിന്റെ സിനിമയിലേക്ക് വിളിക്കുകയെന്നാല്‍ ഒരാള്‍ക്ക് ഹാര്‍വാര്‍ഡിലേക്കോ മറ്റോ പ്രവേശനം ലഭിച്ചതു പോലെയാണ്. അദ്ദേഹത്തിന്റെ ഒരു വിളി പോലും വലിയ അംഗീകാരമായി തോന്നും. നിങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും നിങ്ങളെന്തൊക്കെയോ ചെയ്യുന്നുണ്ടെന്നും നിങ്ങള്‍ക്കു തോന്നും.'- ദുല്‍ഖര്‍ വ്യക്തമാക്കി.
ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച മണിരത്‌നം ചിത്രമാണ് ഓകെ കണ്‍മണി. ഈ തമിഴ് ചിത്രവും അതിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. നിത്യാമേനോന്‍, പ്രകാശ് രാജ് തുടങ്ങിയവരായിരുന്നു ഓകെ കണ്‍മണിയിലെ മറ്റ് പ്രധാന താരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ