ഒന്നര മാസത്തേക്ക് ജര്‍മനിയിലേക്ക്, വിദേശയാത്രയ്ക്ക് അനുമതി തേടി ദിലീപ് വീണ്ടും കോടതിയില്‍; ആസൂത്രിത നീക്കമെന്ന് പ്രോസിക്യൂഷന്‍ 

 വിസ സ്റ്റാംപു ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു
ഒന്നര മാസത്തേക്ക് ജര്‍മനിയിലേക്ക്, വിദേശയാത്രയ്ക്ക് അനുമതി തേടി ദിലീപ് വീണ്ടും കോടതിയില്‍; ആസൂത്രിത നീക്കമെന്ന് പ്രോസിക്യൂഷന്‍ 

കൊച്ചി:  നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി വീണ്ടും കോടതിയിൽ. സിനിമ ഷൂട്ടിങ്ങിനായി ഒന്നരമാസം ജർമനിയിൽ പോകണമെന്ന ആവശ്യം ഉന്നയിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഡിസംബർ 15 മുതൽ ജനുവരി 30 വരെയാണ് അനുവാദം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി പാസ്പോർട്ട് തിരികെ നൽകണമെന്നാണ് ആവശ്യം. 

എന്നാൽ വിദേശയാത്ര പ്രതിഭാ​ഗത്തിന്റെ ആസൂത്രിത നീക്കമാണെന്നും കേസിന്റെ വിചാരണ വൈകിപ്പിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വിദേശയാത്രയിൽ ദിലീപിനൊപ്പം ഉണ്ടാകുന്നവർ ആരെല്ലാമെന്നോ ഇവരുടെ താമസം അടക്കമുള്ള മറ്റ് കാര്യങ്ങളെ കുറിച്ച് മറച്ചുവച്ച് ഹർജി സമർപ്പിച്ചതും പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടി. എന്നാൽ വിസ സ്റ്റാംപു ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു. 

കുറ്റപത്രം സമർപ്പിച്ച് ഒരു വർഷമായിട്ടും വിചാരണ തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും ദിലീപ് അടക്കമുള്ള മുഖ്യപ്രതികൾ നിരന്തര ഹർജികളുമായി നടപടികൾ തടസപ്പെടുത്തുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ഇത്തരത്തിലൊരു കേസ് പ്രതിയുടെ വിദേശയാത്ര കാരണം വൈകുന്നതു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയോടുള്ള നീതിനിഷേധമാണെന്നാണ് പ്രോസിക്യൂഷന്റെ നിലപാടെടുത്തു. കേസ് ഈ മാസം ഒൻപതാം തിയതി വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com