സര്‍ക്കാരിനെതിരെ തമിഴ്‌നാട് മന്ത്രി ; വിവാദരംഗങ്ങള്‍ വെട്ടിനീക്കണം

രംഗങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്യുന്നതാണ് നല്ലത്
സര്‍ക്കാരിനെതിരെ തമിഴ്‌നാട് മന്ത്രി ; വിവാദരംഗങ്ങള്‍ വെട്ടിനീക്കണം

ചെന്നൈ : വിജയ് ചിത്രം സര്‍ക്കാരിനെതിരെ തമിഴ്‌നാട് വാര്‍ത്താവിനിമയ മന്ത്രി രംഗത്ത്. ചിത്രത്തിലെ ചില വിവാദ രംഗങ്ങള്‍ നീക്കണമെന്ന് മന്ത്രി കടമ്പൂര്‍ രാജു ആവശ്യപ്പെട്ടു. ചിത്രത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. 

ഇത്തരം രംഗങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇത്തരം രംഗങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ അനന്തര നടപടികള്‍ സ്വീകരിക്കും. ചിത്രത്തിലെ രംഗങ്ങള്‍ രാഷ്ട്രീയ ഉദ്ദേശത്തോടെ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും മന്ത്രി കടമ്പൂര്‍ രാജു ആരോപിച്ചു. 

ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യം ഉണ്ടെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതും ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ക്ക് വിഷയമായിരുന്നു. 

ഇതാദ്യമായിട്ടല്ല വിജയ് ചിത്രം രാഷ്ട്രീയ വിവാദത്തില്‍പ്പെടുന്നത്. വിജയ് - ആറ്റ്‌ലി കൂട്ടുകെട്ടില്‍ ഇറങ്ങിയ മുന്‍ ചിത്രം മെര്‍സലും വിവാദമായിരുന്നു. ചിത്രത്തില്‍ ജിഎസ്ടിയെയും ഡിജിറ്റര്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്നതായി ആരോപിച്ച് ബിജെപിയാണ് രംഗത്തെത്തിയത്.  തുടര്‍ന്ന് വിവാദരംഗങ്ങള്‍ നീക്കിയായിരുന്നു മെര്‍സല്‍ പ്രദര്‍ശനത്തിനെത്തിയത്. 

ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ സര്‍ക്കാരിന്റെ സംവിധായകന്‍ ഹിറ്റ്‌മേക്കര്‍ എ ആര്‍ മുരുഗദോസാണ്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാര്‍, യോഗി ബാബു, രാധ രവി തുടങ്ങിയ വന്‍ താരനിയയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com