വിരട്ടി നിശബ്ദയാക്കാമെന്ന് കരുതേണ്ട ; കട തുടങ്ങിയിട്ടായാലും പോരാട്ടം തുടരുമെന്ന് പാര്‍വതി

സിനിമയില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവരാനാണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നത്
വിരട്ടി നിശബ്ദയാക്കാമെന്ന് കരുതേണ്ട ; കട തുടങ്ങിയിട്ടായാലും പോരാട്ടം തുടരുമെന്ന് പാര്‍വതി


കൊച്ചി : സിനിമയിലെ ലിംഗവിവേചനങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പുമായി മുന്നോട്ടുവന്ന വനിതാ സംഘടനയാണ് വിമെന്‍ ഇന്‍ സിനിമാ കലക്ടീവ്. സംഘടനയുടെ ശക്തയായ പോരാളിയാണ് യുവനടി പാര്‍വതി. പ്രമുഖ താരങ്ങള്‍ക്കൊപ്പം തിളങ്ങി നില്‍ക്കുമ്പോഴും സ്വന്തം അഭിപ്രായം തലയുയര്‍ത്തി നിന്ന് പറയാന്‍ പാര്‍വതി മടി കാണിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുന്നത് മൂലം സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതായി നടി പാര്‍വതി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. 

എന്നാല്‍ ഭീഷണിക്ക് വഴങ്ങില്ലെന്നും അനീതിക്കെതിരായ പോരാട്ടം തുടരാനാണ് തന്റെ ഉദ്ദേശമെന്നും നടി തുറന്ന് പറയുന്നു. ഒപ്പം വനിതാ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധിയും നിലപാടും പാര്‍വതി വെളിപ്പെടുത്തുന്നു. സിനിമയില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവരാനാണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നത്. സുപ്രീം കോടതിയിലെ നിരവധി അഭിഭാഷകര്‍ ഞങ്ങള്‍ക്ക് നിയമോപദേശം നല്‍കുന്നു. 

തുറന്നു പറയാന്‍ കഴിയാതെ അകപ്പെട്ടു പോകുന്ന സ്ത്രീകളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പലരും സിനിമ മാത്രം ചെയ്ത് ജീവിക്കുന്നവരാണ്. എനിക്ക് ചിലപ്പോള്‍ ഒരു കട തുടങ്ങി ജീവിതവും പോരാട്ടവും മുന്നോട്ടു കൊണ്ടുപോകാനാകും. പക്ഷേ പലര്‍ക്കും അതിന് കഴിയില്ല. പാര്‍വതി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവവും പാര്‍വതി ഓര്‍മ്മിച്ചു. ഞാന്‍ ഷൂട്ടിംഗിനായി ഋഷികേശിലായിരുന്ന സമയത്താണ് എന്റെ സുഹൃത്തിനെ തട്ടികൊണ്ടുപോയി ആക്രമിച്ചുവെന്ന വിവരം അറിയുന്നത്. സത്യം പറഞ്ഞാല്‍ ഒരു കാറിനുള്ളില്‍ നിസഹായയാക്കപ്പെട്ട അവളെ ഓര്‍ത്ത് വിറച്ചു പോയി. അതിനു ശേഷമാണ് ഞങ്ങള്‍ അഞ്ച് പേര്‍ ചേര്‍ന്ന് തുറന്ന് സംസാരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സിനിമയുടെ വിവിധ മേഖലയിലുള്ള സ്ത്രീകളെ കോര്‍ത്തിണക്കി സംഘടനയായി അത് മാറുകയായിരുന്നുവെന്നും പാര്‍വതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com