സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് മനോവൈകൃതമുള്ളവര്‍ ;  അക്ഷര ഹാസന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി 

ചിത്രങ്ങള്‍ ചോര്‍ത്തിയവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ സെല്ലില്‍ നടി പരാതി നല്‍കി
സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് മനോവൈകൃതമുള്ളവര്‍ ;  അക്ഷര ഹാസന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി 

മുംബൈ : തന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. ചിത്രങ്ങള്‍ ചോര്‍ത്തിയവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് മുംബൈ പൊലീസിന്റെ സൈബര്‍ സെല്ലില്‍ നടി പരാതി നല്‍കിയത്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് വളരെ നിര്‍ഭാഗ്യകരമെന്നും നടി ട്വിറ്ററിലൂടെ പ്രതികരിച്ചു. 

മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായി വളരെ അസ്വസ്ഥപ്പെടുത്തുന്ന വാർത്തകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനിടെയാണ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി അറിഞ്ഞത്. ഇതാരാണ് ചെയ്തത്, എന്തിനാണ് ചെയ്തത് എന്നൊന്നും അറിയില്ല. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. ഒരു ചെറുപ്പക്കാരിയെ ഇരയാക്കി മനോവൈകര്യമുള്ള ഒരു കൂട്ടര്‍ ആനന്ദം കണ്ടെത്തുകയാണ്. ഓരോരുത്തരും വ്യത്യസ്ത കമന്റുകളോടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍, കൂടുതല്‍ ആക്രമിക്കപ്പെടുകയും നിസ്സഹായയാവുകയും ചെയ്യുകയാണ്. 

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാവരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് സൈബര്‍ സെല്ലിന് പരാതി നല്‍കി. ഇതിന്റെ അടിത്തട്ടിലുള്ളവരെ വരെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. മനുഷ്യന് സ്വകാര്യത കാത്തുസൂക്ഷിക്കാനും, അന്തസ്സോടെ ജീവിക്കാനുമുള്ള അവകാശമുണ്ട്. ഇന്റര്‍നെറ്റില്‍ തന്നെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അക്ഷര ഹാസന്‍ തന്റെ ട്വീറ്റില്‍ കുറിച്ചു. നവംബർ അ‍ഞ്ചിനാണ് അക്ഷരയുടെ സ്വകാര്യ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com