'നഷ്ടം തിരിച്ചു തരാം, എന്നെക്കൊണ്ട് പറ്റില്ല'; 2.0 യില്‍ നിന്ന് പിന്‍മാറാന്‍ ഒരുങ്ങിയിരുന്നുവെന്ന് രജനീകാന്ത്

'ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയതോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു'
'നഷ്ടം തിരിച്ചു തരാം, എന്നെക്കൊണ്ട് പറ്റില്ല'; 2.0 യില്‍ നിന്ന് പിന്‍മാറാന്‍ ഒരുങ്ങിയിരുന്നുവെന്ന് രജനീകാന്ത്

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ 2.0 യ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ രജനികാന്ത് ഒരുങ്ങിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടിയാണ് രജനീകാന്ത് സിനിമയോട് നോ പറഞ്ഞത്. എന്നാല്‍ സംവിധായകന്‍ ശങ്കറിന്റെ വാക്കുകളാണ് തന്നെ ചിത്രത്തില്‍ പിടിച്ചു നിര്‍ത്തിയതെന്നും ഓഡിയോ ലോഞ്ചിന് ഇടയിലാണ് താരം വെളിപ്പെടുത്തിയത്. 

തനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ലെന്നും ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്. എല്ലാ നഷ്ടവും തിരികെ തരാമെന്നുവരെ ശങ്കറിനോട് പറഞ്ഞിരുന്നു. എന്നാല്‍ നാലു മാസമല്ല നാലു വര്‍ഷം കാത്തിരിക്കാമെന്നായിരുന്നു ശങ്കറിന്റെ മറുപടി. ഈ സുഹൃത്തുക്കളുടെ വാക്കുകളാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും യന്തിരന്‍ രണ്ടാംഭാഗം പൂര്‍ത്തിയാക്കാന്‍ തനിക്കും ശരീരത്തിനും മരുന്നായതെന്ന് രജനി വെളിപ്പെടുത്തി.

'ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയതോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ശങ്കറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ മറുപടിയാണ് എന്നെ കരുത്തനാക്കിയത്. 'സാര്‍, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാന്‍ പറ്റുന്നതുപോലെ ചെയ്താല്‍ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാര്‍ ഇല്ലെങ്കില്‍ ഈ ചിത്രമില്ല'. ചിത്രത്തിന്റെ നിര്‍മാതാവ് തന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. 'നാലുമാസമല്ല നാലുവര്‍ഷം കാത്തിരിക്കാം സര്‍. നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി വരുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. പണം നഷ്ടമാകുന്നെങ്കില്‍ പോകട്ടെ.'

600 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എമി ജാക്‌സണാണ് ചിത്രത്തിലെ നായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com