ആ സൈക്കോ, സ്‌ക്രീനിനു പിന്നില്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്: വെള്ളിത്തിരയെ വിറപ്പിച്ച രാക്ഷസന്റെ യഥാര്‍ത്ഥ മുഖം

സിനിമ കണ്ടിറങ്ങിയവരെല്ലാം ചിത്രത്തിലെ ക്രിസ്റ്റഫര്‍ എന്ന വില്ലനെ കുറിച്ച് അന്വേഷിച്ചിരുന്നു.
ആ സൈക്കോ, സ്‌ക്രീനിനു പിന്നില്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്: വെള്ളിത്തിരയെ വിറപ്പിച്ച രാക്ഷസന്റെ യഥാര്‍ത്ഥ മുഖം

രാക്ഷസന്‍ എന്ന സൈക്കോ സിനിമയാണ് കുറച്ച് കാലങ്ങളായി തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ ചര്‍ച്ചാവിഷയം. ഹൊറര്‍ സിനിമയെ വെല്ലുന്ന സൈക്കോ ചിത്രമാണിത്. ആളുകളെ പേടിപ്പിച്ച് വിറപ്പിച്ച് കോളിവുഡില്‍ നിന്ന് കോടികളാണ് രാക്ഷസന്‍ വാരിക്കൂട്ടിയത്. സൈക്കോ ത്രില്ലറായി രാക്ഷസന്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ കേരളത്തിലും ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിരയെ വിറപ്പിച്ച ആ രാക്ഷസന്റെ യഥാര്‍ഥ മുഖം കാണണ്ടേ....

സിനിമ കണ്ടിറങ്ങിയവരെല്ലാം ചിത്രത്തിലെ ക്രിസ്റ്റഫര്‍ എന്ന വില്ലനെ കുറിച്ച് അന്വേഷിച്ചിരുന്നു. കാഴ്ചക്കാര്‍  ചങ്കിടിപ്പോടെ നോക്കിക്കണ്ട ആ സൈക്കോ ക്യാരക്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയ ശേഷവും അണിയറ പ്രവര്‍ത്തകര്‍  രഹസ്യമായിത്തന്നെ സൂക്ഷിക്കുകയായിരുന്നു. 

ഇപ്പോള്‍ ആ സൈക്കോയുടെ പിന്നിലെ മുഖം പുറത്തേക്ക് വെളിപ്പെട്ടിരിക്കുകയാണ്. തമിഴ് സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്തുവന്ന ശരവണന്‍ എന്ന യുവാവാണ് ക്രിസ്റ്റഫര്‍ എന്ന വില്ലന്റെ മുതിര്‍ന്ന കാലവും അയാളുടെ അമ്മ മേരി ഫെര്‍ണാണ്ടസിന്റെ വേഷവും അവതരിപ്പിച്ചത്. 

വര്‍ഷങ്ങളായി സിനിമയില്‍ അവസരങ്ങള്‍ തേടി നടക്കുന്ന നടനായിരുന്നു ശരവണന്‍. ചുരുക്കം ചില ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങൡ അഭിനയിച്ചിട്ടുമുണ്ട്. 'രാക്ഷസനിലേക്കുള്ള ക്ഷണം വലിയ സന്തോഷം നല്‍കിയെങ്കിലും സംവിധായകന്‍ ആദ്യം പറഞ്ഞത് സ്‌ക്രീനില്‍  യഥാര്‍ഥമുഖം കാണിക്കാന്‍ കഴിയില്ല എന്നായിരുന്നു. കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോയത്'- ശരവണന്‍ പറയുന്നു.

ക്ഷീണിച്ചതും അവശത തോന്നിപ്പിക്കുകയും ചെയ്യുന്ന രൂപമായിരുന്നു ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തിന്  വേണ്ടിയിരുന്നത്. അതിനായി ഭക്ഷണം പാടേ ഉപേക്ഷിക്കുകയും, പെട്ടെന്ന് മെലിയാന്‍ ധാരാളം പുളിവെള്ളം കുടിക്കുകയുമായിരുന്നു ശരവണന്‍. ശോഷിച്ച ശരീരം ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള ക്ലൈമാക്‌സ് സംഘട്ടനം ഏറെ പ്രയാസപ്പെട്ടാണ് അഭിനയിച്ചതെന്നും ശരവണ്‍ പറഞ്ഞു.  

കഥാപാത്രത്തിനായി അമ്പതിലധികം തവണയാണ് ഈ നടന്‍ തല മൊട്ടയടിച്ചത്. പുലര്‍ച്ചെ എഴുന്നേറ്റ് നാലുമണിക്കുറോളം മേക്കപ്പിനായി ഇരുന്നുകൊടുത്തു, മേക്കപ്പ് അലര്‍ജിയെന്നോണം ഇദ്ദേഹത്തിന്റെ കഴുത്തിലും മറ്റും കുമിളകള്‍ പ്രത്യക്ഷപ്പെട്ടു.

''വസ്ത്രധാരണം, നോട്ടം, ശരീര ചലനങ്ങള്‍ അങ്ങനെ കഥാപാത്രത്തെകുറിച്ചുള്ള കൃത്യമായ അടയാളപ്പെടുത്തലുകള്‍ തിരക്കഥയില്‍ ഉണ്ടായിരുന്നു. വീട്ടില്‍ വലിയൊരു കണ്ണാടി സ്ഥാപിച്ച് അതിനുമുന്നില്‍ നിന്നാണ് മാജിക്ക് പരിശീലിച്ചത്. സിനിമ കാണുന്നതിനിടെ തിയ്യറ്ററിലിരുന്ന ഒരു പെണ്‍കുട്ടി കഥാപാത്രത്തെ ചൂണ്ടി അവനെ വിടരുതെന്ന് വിളിച്ചുപറഞ്ഞതെല്ലാം വലിയ അംഗീകാരമായാണ് കാണുന്നത്.''- ശരവണന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com