ഐഎഫ്എഫ്‌കെ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി, 25 വരെ പാസെടുക്കാം, രാത്രിവരെ ആയിരത്തി അഞ്ഞൂറോളം പേര്‍ ഡെലിഗേറ്റായി

രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന് തുടക്കമായി
ഐഎഫ്എഫ്‌കെ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി, 25 വരെ പാസെടുക്കാം, രാത്രിവരെ ആയിരത്തി അഞ്ഞൂറോളം പേര്‍ ഡെലിഗേറ്റായി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന് തുടക്കമായി. ഡിസംബര്‍ 7 മുതല്‍ 13 വരെ തലസ്ഥാനത്തു സംഘടിപ്പിക്കുന്ന  മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്‌കാരിക  മന്ത്രി എ.കെ ബാലനു നല്‍കി രജിസ്റ്റര്‍ ചെയ്തതോടെയാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് തുടക്കമായത്. മന്ത്രി   ബാലന്‍ ഡെലിഗേറ്റ് ഫീസായി 2000 രൂപ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് കൈമാറി രണ്ടാമത്തെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് ആയി രജിസ്റ്റര്‍ ചെയ്തു.

മേളയുടെ ഉദ്ഘാടനച്ചടങ്ങിലും സമാപനച്ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കുന്ന സാഹചര്യത്തില്‍ ലളിതമായ ഉദ്ഘാടന സമാപന ചടങ്ങുകളെ ഇത്തവണ ഉണ്ടാകൂ. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ കാണാന്‍ തനിക്കു സമയം ഉണ്ടാവില്ലെങ്കിലും 2000 രൂപ അടച്ച് എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്ന സന്ദേശം നല്‍കുന്നതിന് താന്‍ ഡെലിഗേറ്റ് ആവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പഴ്‌സന്‍ ബീനാ പോള്‍,സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നലെ നാലു മണിക്കു  ശേഷമാണു തുടങ്ങിയത്. രാത്രിവരെ ആയിരത്തി അഞ്ഞൂറോളം പേര്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷന്‍ 25 വരെ തുടരും. ഈ  മേളയില്‍ ആര്‍ക്കും സൗജന്യപാസ് അനുവദിക്കില്ല. ഡെലിഗേറ്റ് പാസിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ്  മേള നടത്തുന്നത് എന്നതിനാല്‍ സൗജന്യ പാസ് അനുവദിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണു ചലച്ചിത്ര അക്കാദമി. 

പൊതുവിഭാഗം, സിനിമ, ടിവി പ്രഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒന്നിച്ചാണു നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയാണു ഡെലിഗേറ്റ് ഫീസ്. ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫിസില്‍ നേരിട്ടെത്തി  രജിസ്റ്റര്‍ ചെയ്തു ഡെലിഗേറ്റ് ആകാനുള്ള സൗകര്യവും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com