ടിവിയും മിക്‌സിയും ലാപ്‌ടോപ്പും എറിഞ്ഞുടച്ചു ; സര്‍ക്കാരിന്റെ സൗജന്യങ്ങള്‍ വേണ്ട , രോഷാകുലരായി വിജയ് ആരാധകര്‍ ( വീഡിയോ )

ടിവിയും മിക്‌സിയും ലാപ്‌ടോപ്പും എറിഞ്ഞുടച്ചു ; സര്‍ക്കാരിന്റെ സൗജന്യങ്ങള്‍ വേണ്ട , രോഷാകുലരായി വിജയ് ആരാധകര്‍ ( വീഡിയോ )

മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത സാധനങ്ങളാണ് വിജയ് ആരാധകര്‍ നശിപ്പിക്കുന്നത്

ചെന്നൈ : ഇളയ ദളപതി വിജയിന്റെ പുതിയ സിനിമ സര്‍ക്കാരിലെ ഏതാനും രംഗങ്ങള്‍ എഐഎഡിഎംകെയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ചെയ്തതില്‍ പ്രതിഷേധവുമായി വിജയ് ആരാധകര്‍. മുന്‍ വര്‍ഷങ്ങളില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ വിതരണം ചെയ്ത സാധനങ്ങള്‍ തല്ലിപ്പൊട്ടിച്ചും, തീവെച്ച് നശിപ്പിച്ചുമാണ് ആരാധകര്‍ പ്രതിഷേധിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. 

ടെലിവിഷന്‍, മിക്‌സി, ​ഗ്രൈൻഡർ , ലാപ്‌ടോപ്പ് എന്നിവ അടക്കമുളള ഉപകരണങ്ങളാണ് വിജയ് ആരാധകര്‍ നശിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത സാധനങ്ങളാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്. ഒരാള്‍ വീടിന് അകത്തുവെച്ച് ടിവി തീയിട്ട് നശിപ്പിക്കുന്ന വീഡിയോ വരെ ഇക്കൂട്ടത്തിലുണ്ട്. 

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം സിനിമയില്‍ ഉണ്ടായിരുന്നു. ഇതാണ് എഐഎഡിഎംകെ സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഇത് സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണെന്നാണ് എഐഎഡിഎംകെ ആരോപിക്കുന്നത്. കൂടാതെ ചിത്രത്തിലെ കോമളവല്ലി എന്ന കഥാപാത്രത്തിന് ജയലളിതയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും എഐഎഡിഎംകെ ആരോപിച്ചു. വിവാദരംഗങ്ങളെല്ലാം സിനിമയില്‍ നിന്നും നീക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 

തമിഴ്‌നാട് സര്‍ക്കാരിന്റെയും എഐഎഡിഎംകെ പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമായതോടെയാണ് വിവാദരംഗങ്ങള്‍ നീക്കം ചെയ്യാന്‍ ചിത്ത്രതിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. എന്നാല്‍ കേരളം അടക്കം ഇതര സംസ്ഥാനങ്ങളില്‍ വിവാദ രംഗങ്ങള്‍ തുടരുമെന്നാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ സംവിധായകന്‍ മുരുഗദോസിന്റെ വീട്ടില്‍ അര്‍ധരാത്രി പൊലീസ് എത്തിയതും വന്‍ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com