'ടൊവിനോ കുഴപ്പക്കാരനാണ്, നിഷ്‌കളങ്കനും'; കുപ്രസിദ്ധ പയ്യന്റെ വിജയത്തിനിടെ സംവിധായകന്‍ മനസ് തുറക്കുന്നു

ഒരേസമയം തന്നെ നിഷ്‌കളങ്കനാണ് എന്ന് തോന്നുകയും അതേസമയം തന്നെ കുഴപ്പക്കാരനാണ് എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് അജയന്‍. ആ തോന്നലുണ്ടാക്കാന്‍ പറ്റുന്ന ശരീരമാണ് ടൊവിനോയുടേത്.
'ടൊവിനോ കുഴപ്പക്കാരനാണ്, നിഷ്‌കളങ്കനും'; കുപ്രസിദ്ധ പയ്യന്റെ വിജയത്തിനിടെ സംവിധായകന്‍ മനസ് തുറക്കുന്നു

ലപ്പാവിനും ഒഴിമുറിക്കും ശേഷം 'ഒരു കുപ്രസിദ്ധ പയ്യന്‍'  മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമയെ കുറിച്ച് , കഥാപാത്രങ്ങളെയും സംവിധായകന്‍ സമകാലിക മലയാളത്തോട്
 

ഒരു കുപ്രസിദ്ധ പയ്യന്‍....

ഒഴിമുറി കഴിഞ്ഞിരിക്കുന്ന സമയത്താണ് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിലേക്ക് ശ്രദ്ധയെത്തിയത്. ക്രൈമിന്റെ തോതുകള്‍ മാറുന്നു. ആളുകളുടെ സ്വഭാവം മാറുന്നു.ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പ്രതിയാക്കാമെന്ന നില വരുന്നു.നമുക്ക് വിശ്വാസമുള്ള സമൂഹം പോലും നമ്മളെ തെറ്റിദ്ധരിക്കുന്ന സ്ഥിതി വരുന്നു. റോഡിലിറങ്ങി രണ്ടുപേര്‍ നടന്നാല്‍ അത് കുഴപ്പക്കാരാണ് എന്ന് പറയുന്നു. ഒന്നുമറിയാത്ത ആളുകള്‍ വെറുതേ ഇഷ്യൂ ഉണ്ടാവുന്നു. കൊലപാതകങ്ങള്‍ ഉണ്ടാവുന്നു, പ്രതികള്‍ ശരിക്കുള്ള പ്രതികളല്ല എന്ന് കുറേക്കാലത്തിന് ശേഷം തിരിച്ചറിയുന്നു. ഈ ഒരു ചിന്തയില്‍ നിന്നാണ് 'ഒരു കുപ്രസിദ്ധ പയ്യന്‍' രൂപം കൊള്ളുന്നത്.

ടൊവിനോയില്‍ നിന്നും അനാഥനായ അജയനിലേക്കുള്ള ദൂരം

കഥയുടെ ആലോചന നടക്കുമ്പോള്‍ ടൊവിനോ എന്നല്ല ആരും മനസ്സില്‍ ഉണ്ടായിരുന്നില്ല.  പലതരത്തില്‍ മാറ്റി എഴുതപ്പെട്ട തിരക്കഥയാണ് കുപ്രസിദ്ധ പയ്യന്റേത്. അജയന്‍ എന്ന കഥാപാത്രത്തിന്റെ വളരെ സൂക്ഷമമായ ഡീറ്റെയിലിങ്ങിലേക്ക് പോകുമ്പോഴാണ് ടൊവിനോ ചിത്രത്തിലേക്ക് വന്നത്. ഒരേസമയം തന്നെ നിഷ്‌കളങ്കനാണ് എന്ന് തോന്നുകയും അതേസമയം തന്നെ കുഴപ്പക്കാരനാണ് എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് അജയന്‍. ആ തോന്നലുണ്ടാക്കാന്‍ പറ്റുന്ന ശരീരമാണ് ടൊവിനോയുടേത്. മനസ്സും ശരീരവും ഒരുപോലെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരാളായിരിക്കണം അജയന്‍ ആവേണ്ടത് എന്നതായിരുന്നു നിര്‍ബന്ധം. 

ഈ കാണുന്നതിനപ്പുറം ഒരജയനുണ്ടെന്ന് പ്രേക്ഷകന് തോന്നണമെന്ന ആലോചനയില്‍ നിന്നാണ് ടൊവിനോ എന്ന നടനിലേക്ക് എത്തുന്നത്. ടൊവിനോ നല്ലൊരു ആക്ടറാണ്. ടൊവിനോയുടെ ആദ്യ സിനിമ മുതല്‍ ആ കഴിവ് നമുക്ക് കാണാന്‍ സാധിക്കും. ഏറ്റവും ചെറിയ സീനില്‍ പോലും അയാളുടേതായ ഒരു സാന്നിധ്യം ബാക്കിയാക്കുന്നുണ്ട്. ആ സാന്നിധ്യമാണ് അജയന്‍ എന്ന കഥാപാത്രം ടൊവിനോ നന്നായി ചെയ്യുമെന്ന തോന്നല്‍ ഉണ്ടാവുന്നത്. 

തിയേറ്ററുകള്‍ ഹൗസ്ഫുള്‍..പയ്യന്‍ പ്രസിദ്ധനാവുന്നല്ലോ

അതേ, നല്ല ഫീഡ് ബാക്കാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആളുകള്‍ സിനിമ കാണുന്നു. എല്ലാത്തരത്തിലുള്ളവരെയും ചിത്രം തൃപ്തിപ്പെടുത്തുന്നുണ്ട്. ഓരോ നിമിഷത്തിലും എന്താണ് എന്ന് അറിയാന്‍ വേണ്ടിയുള്ള ഉദ്വേഗം സിനിമ അവരില്‍ ജനിപ്പിക്കുന്നു. ആളുകള്‍ അങ്ങനെ തന്നെ സിനിമയെ കണ്‍സീവ് ചെയ്യുന്നു. ഒരുപക്ഷേ കേരളത്തില്‍ ഇന്നുള്ള ഒരുപാട് വിഷയങ്ങളെ സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. തികച്ചും അനാഥനായ ഒരാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ചിലര്‍ക്ക് അതില്‍ സ്വന്തം ജീവിതം കാണാന്‍ കഴിയുന്നു. അങ്ങനെ അല്ലാത്തവര്‍ പോലും ഒറ്റപ്പെട്ടുപോയ ഒരുവനെ എങ്ങനെ ചേര്‍ത്ത് നിര്‍ത്താമെന്ന് ചിന്തിക്കുന്നു. പ്രേക്ഷകനെ മനസ് കൊണ്ട് സന്തോഷിപ്പിക്കുകയും, ചിന്തിപ്പിക്കുകയും മനസുകൊണ്ട് ഏറ്റവും സമാധാനപരമായി നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന വര്‍ക്ക് എഫര്‍ട്ടുണ്ടായത് കൊണ്ടാണ് ഈ വിജയം സാധ്യമാവുന്നത്. ആ സന്തോഷത്തില്‍ പങ്കുചേരുന്നു.

മലയാളി പ്രേക്ഷകന്‍ മാറി..

മലയാളി പ്രേക്ഷകന്റെ കാഴ്ചാനുഭവങ്ങളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. അങ്ങനെ പറയാന്‍ കാരണം തലപ്പാവിനെക്കാളും ഒഴിമുറിയെക്കാളും കാഴ്ചക്കാരന്‍ കുറേക്കൂടി പുതുക്കം പ്രാപിച്ചുവെന്ന സന്തോഷം കുപ്രസിദ്ധ പയ്യനില്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. തലപ്പാവ് എന്ന ചലച്ചിത്രത്തിന് ഒരു നോണ്‍ലീനിയര്‍ സ്വഭാവമാണ് ഉണ്ടായിരുന്നത്. അന്ന് ആളുകള്‍ക്ക് അതത്ര പരിചിതമായ കാഴ്ചാശീലമായിരുന്നില്ല.

ഒഴിമുറി ഒരു പ്രദേശത്തിന്റെ കഥയാണ് പ്രേക്ഷകനോട് പറഞ്ഞത്. പ്രദേശിക ഭാഷയായിരുന്നു ഉപയോഗിച്ചത്. പക്ഷേ കുപ്രസിദ്ധ പയ്യന്‍, ഇന്നത്തെ കഥയാണ് ഈ നിമിഷത്തിന്റെ കഥയാണ്. ആളുകള്‍ കുറേക്കൂടി കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്. പത്ത് വര്‍ഷം കൊണ്ടാണ് ഈ മാറ്റം ഉണ്ടാവുന്നത്. നമ്മുടെ ആളുകള്‍ക്ക് വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കാനും  സാധിക്കുന്നുണ്ട്. അവരെ തെറ്റിക്കാനൊന്നും  പറ്റില്ലയെന്നും ഞാന്‍ വിശ്വസിക്കുന്നു. 

എന്റെ സിനിമകള്‍ ആളുകളുടെ മനസില്‍ നിലനില്‍ക്കണം

ചെയ്യുന്ന സിനിമകള്‍ നിലനില്‍ക്കണമെന്ന നിലപാട് ഞാന്‍ സ്വീകരിക്കാറുണ്ട്. സിനിമ കണ്ട് കഴിയുമ്പോള്‍ കുപ്രസിദ്ധ പയ്യന്‍ ആളുകളുടെ  മനസില്‍ നില്‍ക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒഴിമുറിയും തലപ്പാവും പോലെ ഈ ചിത്രവും ആളുകള്‍ കാണുകയും സ്വീകരിക്കുകയും ചെയ്യുന്നു.  എല്ലാ സിനിമകളും അങ്ങനെ ഒരു ആഗ്രഹത്തോട് കൂടി തന്നെയാണ് ചെയ്യുന്നത്. പക്ഷേ അതിന്റെ പാകപ്പെടുത്തലിന് കുറച്ചധികം സമയം എടുക്കുന്നുവെന്നേയുള്ളൂ. 

സമൂഹമാണ് എല്ലാം..

അടിസ്ഥാനപരമായി സമൂഹമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. എല്ലാ മനുഷ്യന്റെയും ജീവിതം നന്നാവണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. എല്ലാവരും നന്നാവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അങ്ങനെ സാധിക്കുന്നതിലൂടെ ഉണ്ടാകുന്ന സന്തോഷത്തില്‍ പങ്കുചേരാനും നമുക്കാണ് സാധിക്കുന്നത്. ആത്യന്തികമായി എല്ലാവരും നന്നായിരിക്കണമെന്ന ആറ്റിറ്റിയൂഡില്‍ തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ വര്‍ക്കിലും അത് പ്രതിഫലിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com