'ഷിബുലാല്‍ ജി' ഇനി സിനിമയിലും; വധഭീഷണിയുണ്ട്, വകവെക്കുന്നില്ല, ട്രോളുകള്‍ തുടരുമെന്ന് പ്രമോദ് 

രാഷ്ട്രീയത്തിലെ ശരിക്കേടുകളെ ട്രോളുകളിലുടെ തുറന്നുപറഞ്ഞ് അനുയായികളെ സ്വന്തമാക്കിയ പ്രമോദ് മോഹന്‍ തകഴി സിനിമയിലേക്ക്
'ഷിബുലാല്‍ ജി' ഇനി സിനിമയിലും; വധഭീഷണിയുണ്ട്, വകവെക്കുന്നില്ല, ട്രോളുകള്‍ തുടരുമെന്ന് പ്രമോദ് 

രാഷ്ട്രീയത്തിലെ ശരിക്കേടുകളെ ട്രോളുകളിലുടെ തുറന്നുപറഞ്ഞ് അനുയായികളെ സ്വന്തമാക്കിയ പ്രമോദ് മോഹന്‍ തകഴി സിനിമയിലേക്ക്. 
അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന 1994 എന്ന ചിത്രത്തിലുടെയാണ് പ്രമോദ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കൂത്തുപറമ്പിന്റെ കഥ പറയുന്ന ചിത്രമാണ് 1994. അതേസമയം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് തുടരുമെന്ന് പ്രമോദ് പറഞ്ഞു.

അനസ് തന്നെ വിളിച്ച് സിനിമയില്‍ അവസരമുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. അനസ് കടലുണ്ടിയുടെ ആദ്യചിത്രമാണ്. രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍ ആരംഭിക്കും. ചെറിയൊരു വേഷമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് പ്രമോദ് മനോരമ ന്യൂസിനോട് പറഞ്ഞു. 

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങള്‍ കണ്ടതോടെ ഇതിനെതിരെ പ്രതികരിക്കണം എന്ന് തീരുമാനിച്ചു. വെറുതെ വിമര്‍ശിച്ചാല്‍ പോരെന്ന് തോന്നി. അതുകൊണ്ട് ആക്ഷേപഹാസ്യത്തിന്റെ വഴി തെരഞ്ഞെടുത്തു. കേട്ടാല്‍ അവര്‍ പോലും വിശ്വസിക്കുന്ന തരത്തില്‍, കളിയാക്കി വിഡിയോകളെടുത്തു. അങ്ങനെയാണ് തുടക്കമെന്ന് തന്റെ ട്രോളുകളെ കുറിച്ച് പ്രമോദ്് വാചാലനായി.

ആദ്യമായി ട്രോള്‍ വിഡിയോ സഞ്ജീവനി ഗ്രൂപ്പിലൂടെയാണ് സോഷ്യല്‍ മീഡിയയിലെത്തുന്നത്. അവരാണ് തനിക്ക് ഷിബുലാല്‍ ജി എന്ന പേര് നിര്‍ദേശിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും തകഴിയിലെ ആര്‍എസ്എസ് നേതാക്കളുമെല്ലാം ഷിബുലാല്‍ ജി എന്നാണ് വിളിക്കുന്നത്. 

കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് ഞാന്‍. നാട്ടിലുണ്ടായിരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തകഴിയിലെ ഡിവൈഎഫ്‌ഐ നേതൃനിരയിലുണ്ടായിരുന്നു. പിന്നീടാണ് ഗള്‍ഫിലെത്തുന്നത്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി പ്രവാസജീവിതം നയിക്കുകയാണ്. ഖത്തറിലാണ് ജോലി. വിഡിയോക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണിയും വെല്ലുവിളികളുമൊക്കെ നിരവധി വന്നിരുന്നു. അതൊന്നും വകവെക്കുന്നില്ല. മറഞ്ഞിരുന്നുകൊണ്ടുള്ള ഭീഷണികളല്ലേ, കാര്യമാക്കുന്നില്ലെന്നും പ്രമോദ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com