'എനിക്ക് സ്‌റ്റേജില്‍ നില്‍ക്കാന്‍ കഴിയുന്നില്ല, എന്നില്‍ നിന്ന് സംഗീതം വരുന്നില്ല'; കൂട്ടുകാരന്റെ വഞ്ചനയില്‍ മനംനൊന്ത് അന്ന് ബാലഭാസ്‌കര്‍ കുറിച്ചു

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്
'എനിക്ക് സ്‌റ്റേജില്‍ നില്‍ക്കാന്‍ കഴിയുന്നില്ല, എന്നില്‍ നിന്ന് സംഗീതം വരുന്നില്ല'; കൂട്ടുകാരന്റെ വഞ്ചനയില്‍ മനംനൊന്ത് അന്ന് ബാലഭാസ്‌കര്‍ കുറിച്ചു

കേരളത്തെ നെഞ്ചകം തകര്‍ത്തുകൊണ്ടാണ് ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിടപറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നതും ബാലുവിന്റെ സംഗീതമാണ്. എന്നാല്‍ സുഹൃത്തിന്റെ വഞ്ചനയില്‍ നെഞ്ച് പിടഞ്ഞ് ഒരിക്കല്‍ തന്റെ എല്ലാമായ സംഗീതം വരെ ഉപേക്ഷിക്കാന്‍ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ തീരുമാനിച്ചിട്ടുണ്ട്. ഫേയ്‌സ്ബുക് കുറിപ്പിലൂടെയായിരുന്നു ഇതിനെക്കുറിച്ച് ബാലു പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റിന് പിന്നാലെ പാട്ട് ഉപേക്ഷിക്കരുതെന്ന അപേക്ഷയുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെ ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ വേര്‍പാടോടെ ആ പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്. 

'ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ സുഹൃത്ത്. ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുത്തതും സുഹൃത്തുക്കളോട് ആലോചിച്ചാണ്. ഒരു ഘട്ടത്തില്‍ അടുത്ത സുഹൃത്തില്‍ നിന്ന് വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി. എനിക്കു സ്‌റ്റേജില്‍ നില്‍ക്കാന്‍ കഴിയുന്നില്ല. സത്യസന്ധമായ സംഗീതം എന്നില്‍ നിന്നു പുറത്തുവന്നില്ല. അത് എന്നോടും എന്നെ സ്‌നേഹിക്കുന്നവരോടും ചെയ്യുന്ന ചതിയാണ്'

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. രണ്ട് വയസുകാരി മകള്‍ തേജസ്വിനി ബാല അന്നുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിക്കുന്നത്. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com