പതിഞ്ഞ താളത്തിലൊഴുകുന്ന പ്രണയ കഥ, ബാക്കിയാവുന്നൊരു പിടച്ചിലിന്റെ പേര്: 96

വിജയ് സേതുപതി,തൃഷ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 96നെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്
പതിഞ്ഞ താളത്തിലൊഴുകുന്ന പ്രണയ കഥ, ബാക്കിയാവുന്നൊരു പിടച്ചിലിന്റെ പേര്: 96

വിജയ് സേതുപതി,തൃഷ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 96നെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി റിവ്യുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ച് നിറയുന്നത്.  പ്രേംകുമാര്‍ സംവിധാനം ചെയ്ത 96നെക്കുറിച്ച് തേജസ്വിനി ജെ.സി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം: 


ഒരു കോണ്‍ഫ്‌ലിക്റ്റും അതിന്റെ പരിഹാരഹങ്ങളുമൊക്കെയാണ് സിനിമയുടെ അവശ്യ ചേരുവകളെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള സിനിമയേയല്ല 96. വേഗതയുള്ള വിഷ്വലുകളും കഥപറച്ചില്‍ രീതിയുമുണ്ടായാല്‍ മാത്രമേ ഒരു സിനിമയ്ക്ക് കാഴ്ചക്കാരനെ പിടിച്ചിരുത്താനാവൂ എന്ന് വിശ്വസിക്കുന്നവര്‍ക്ക് നടത്താവുന്ന ബിലോ ആവറേജ് തെരഞ്ഞെടുപ്പ് തന്നെയാണീ ചിത്രം..കഥയിലേക്ക് കയറിച്ചെന്ന് കഥാപാത്രങ്ങള്‍ക്കൊപ്പം കരഞ്ഞും ചിരിച്ചും കാണേണ്ടതാണ് സിനിമയെന്ന മതം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് പക്ഷേ 96ന് ടിക്കറ്റെടുക്കാം, ധൈര്യമായി.

96ലെ പത്താം ക്ലാസുകാരുടെ റീ യൂണിയനില്‍ നിന്നാണ് കഥ പുരോഗമിക്കുന്നത്. പണ്ടെപ്പോഴോ പാതി പറഞ്ഞ് വെച്ച പ്രണയത്തിന്റെ ഓര്‍മ്മകളും അവശേഷിപ്പുകളുമായി അവിടെയെത്തിച്ചേരുന്ന റാമും ജാനുവുമാണു കഥയുടെ കേന്ദ്രമാവുന്നവര്‍. പറഞ്ഞുപരത്താന്‍ മാത്രം വലിയൊരു കഥയുള്ള സിനിമയല്ലിത്.. റാമും ജാനുവും പറഞ്ഞു നിര്‍ത്തിയ കഥകള്‍.. അവരുടെ വീര്‍പ്പുമുട്ടലുകള്‍... പ്രണയപ്പിടച്ചിലുകള്‍... അതിനൊപ്പമുള്ള യാത്ര മാത്രമാണ് രണ്ടര മണിക്കൂറില്‍ പാതിയില്‍ ഏറെനേരവും. ഒന്നിച്ചിരിപ്പുകളില്‍ അവര്‍ അനുഭവിക്കുന്ന ശ്വാസം പോലും അതേപോലെത്തിക്കുന്നുണ്ട് ചിത്രം.

സിനിമാട്ടോഗ്രഫിയില്‍ നിന്ന് സംവിധാനത്തിലേക്ക് തിരിഞ്ഞ ഒട്ടുമിക്ക സംവിധായകരുടെയും സിനിമകള്‍ പോലെ ഈ പ്രേം കുമാര്‍ ചിത്രവും അതിന്റെ വിഷ്വല്‍ ഭംഗി കൊണ്ട് ശ്രദ്ധേയമാവുക തന്നെ ചെയ്യും. റാമിന്റെ യാത്രകളും തൊഴിലുമെല്ലാം അടയാളപ്പെടുത്തുന്ന ടൈറ്റില്‍ സോങ്ങിലെ ഫ്രെയിമുകള്‍ മാത്രം മതിയാവും ഉദാഹരിക്കാന്‍.. ഗോവിന്ദ് മേനോന്റെ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ സേതുപതിയോട്/ തൃഷയോട് നിങ്ങള്‍ക്ക് പ്രണയം തോന്നുക തന്നെ ചെയ്യും. 

ആവര്‍ത്തിക്കുന്നു.. ആവുന്നതിന്റെ പരമാവധി പതിഞ്ഞ താളത്തിലൊഴുകുന്നൊരു പ്രണയ കഥയാണിത്. ചടുലതയുടെ ആരാധാകര്‍ക്ക് വിട്ടുനില്‍ക്കുകയാവാം. ഹൃദയം കൊണ്ട് സിനിമ കാണുന്നവര്‍ക്ക് പക്ഷേ തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും ബാക്കിയാവുന്നൊരു പിടച്ചിലിന്റെ പേരുകൂടെയാവും 96. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com