മോഹന്‍ലാലിനെ വെച്ച് പടം ചെയ്യാന്‍ തീരുമാനിച്ചിരുന്നു; ഇക്കാരണങ്ങളാല്‍ അത് നടക്കാതെ പോയെന്ന് വിനയന്‍

മോഹന്‍ലാലിനോട് വ്യക്തിപരമായി തനിക്ക് യാതൊരു വിദ്വേഷവും ഇല്ല - അന്നും ഇന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലെന്ന് വിനയന്‍ 
മോഹന്‍ലാലിനെ വെച്ച് പടം ചെയ്യാന്‍ തീരുമാനിച്ചിരുന്നു; ഇക്കാരണങ്ങളാല്‍ അത് നടക്കാതെ പോയെന്ന് വിനയന്‍

കൊച്ചി:  അന്നും ഇന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലാണെന്ന് സംവിധായകന്‍ വിനയന്‍. മോഹന്‍ലാലിനോട് തനിക്ക യാതൊരു വിദ്വേഷവുമില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് വിനയന്‍ പറഞ്ഞു. മോഹന്‍ലാലുമായി ഒത്തുപോകേണ്ട സാഹചര്യം എന്തെല്ലാമോ കാരണങ്ങളാല്‍ നടക്കാതെ പോകുകയായിരുന്നെന്നും വിനയന്‍ പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിലായിരുന്നു വിനയന്റെ പ്രതികരണം. 

ഊമപ്പെണ്ണിന്റെ ഉരിയാടാ പയ്യന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ താന്‍ താമസിച്ചിരുന്ന ഹോട്ടലിലായിരുന്നു ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കാനെത്തിയ മോഹന്‍ലാലും താമസിച്ചിരുന്നത്. ഹോട്ടലില്‍ വെച്ച് ഞാന്‍ മോഹന്‍ലാലിനെ പോയി കണ്ടിരുന്നു. അവിടെ വെച്ച് മോഹന്‍ലാലിനെ വെച്ച് പടം ചെയ്യുന്ന കാര്യങ്ങള്‍ സംസാരിച്ച് ഉറപ്പിക്കുകയും ചെയ്തിരുന്നു. സബ്്ജക്ട് ആയ ശേഷം മോഹന്‍ലാലിനെ വന്ന് കാണാമെന്ന് വാക്ക് നല്‍കിയിരുന്നു. അപ്പോഴെക്കായിരുന്നു എഗ്രിമെന്റില്‍ നടന്‍മാര്‍ ഒപ്പിടണമെന്ന കാര്യത്തില്‍ ഫിലിം ചേംബറും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായത്. ആ തര്‍്ക്കത്തില്‍ തന്റെ നിലപാടിന് വിരുദ്ധമായ നിലപാടായിരുന്നു മോഹന്‍ലാലിന്റെത്. അതിന് പിന്നാലെ ആ ചിത്രം നടക്കാതെ പോയെന്നും വിനയന്‍ പറഞ്ഞു.

മോഹന്‍ലാലിനെക്കാള്‍ മികച്ച നടനാണ് സായ്കുമാര്‍ എന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല. പറഞ്ഞത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ അഭിനയവും റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലെ സായ്കുമാറിന്റെ അഭിനയവും കണ്ടാല്‍ മികച്ചത് സായ്കുമാറിന്റെതാണെന്നാണ്. പക്ഷെ മോഹന്‍ലാലിന്റെ ഡെഡിക്കേഷന്‍ കാത്ത് സൂക്ഷിക്കാന്‍ സായ്കുമാറിന് കഴിയാതെ പോയി. ആദ്യചിത്രങ്ങളിലെ അഭിനയത്തില്‍ സായ്കുമാര്‍ തന്നെയാണ് മികച്ച നടന്‍ എന്ന കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുയാണ്. എന്നാല്‍ ചില സില്‍ബന്തികള്‍ ഇത് തനിക്കെതിരായി ഉപയോഗിക്കുകയായിരുന്നു. ഒരിക്കലും മോഹന്‍ലാലിനെ എതിര്‍ക്കാനായിരുന്നില്ല സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ എടുത്തത്. നമ്മുടെ ഫാന്‍സ് അസോസിയേഷനും ചില തിരുവനന്തപുരം സുഹൃത്തുക്കളുമാണ് ഇക്കാര്യം വഷളാക്കിയത്. ചിത്രമെടുത്തതിന് പിന്നാലെ താങ്കള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവില്ലെന്ന് പോലും ഭീഷണിപ്പെടുത്തിയവരോട് താന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നായിരുന്നു മറുപടി പറഞ്ഞതെന്ന് വിനയന്‍ പറഞ്ഞു

നമ്മുടെ രാജ്യത്ത് ഞാന്‍ കണ്ട വലിയ ഒരു കുഴപ്പം നമ്മുടെ സൂപ്പര്‍സ്റ്റാര്‍ മാരാകാട്ടെ, നമ്മുടെ രാഷ്ട്രീയക്കാരാകട്ടെ അവരോട് ആരോടെങ്കിലും എന്തെങ്കിലും വിദ്വേഷം പ്രകടിപ്പിച്ചാല്‍ അവരെക്കാള്‍ വിദ്വേഷം കാണിക്കുന്നത് അവരെ മണിയടിക്കുന്ന ആളുകളാണ്. അവര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ്. ഉദയനാണ് താരം എന്ന സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞതില്‍ പത്തിലൊന്ന് കാര്യം പോലും ഞാന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ പറഞ്ഞിട്ടില്ല. ശ്രീനിവാസന്‍ ചിത്രത്തില്‍ അവരെ വ്യക്തിപരമായി പോലും തേജോവധം ചെയ്തിട്ടുണ്ട്. ഞാന്‍ സംഘടനാപരമായി ശരിയല്ലെന്ന നിലപാട് മാത്രമാണ് സ്വീകരിച്ചതെന്നും വിനയന്‍ പറഞ്ഞു.

മോഹന്‍ലാല്‍ അമ്മയുടെ സാരഥ്യം ഏറ്റെടുത്തിരിക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റായതിന് പിന്നാലെ സംഘടനയുമായി വ്യത്യസ്ത അഭിപ്രായം പറയുന്നവരെ വിളിച്ച് ചര്‍ച്ചക്ക് തയ്യാറാവുന്നു. ഇത് നല്ല പ്രവണതയാണെന്നും വിനയന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com