'ആര്‍ക്കും എന്നെ തകര്‍ക്കാന്‍ വിട്ടുകൊടുക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു'; കീമോ തെറാപ്പിയുടെ ദിവസങ്ങളെ നേരിട്ടതിങ്ങനെയെന്ന് സൊനാലി

അതുകൊണ്ട് ഞാന്‍ എന്നെ കരയാന്‍ അനുവദിച്ചു, വേദന എന്തെന്ന് അറിയാന്‍ അനുവദിച്ചു, സ്വയം പഴിച്ചു..പക്ഷേ ഇതെല്ലാം വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു. 
'ആര്‍ക്കും എന്നെ തകര്‍ക്കാന്‍ വിട്ടുകൊടുക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു'; കീമോ തെറാപ്പിയുടെ ദിവസങ്ങളെ നേരിട്ടതിങ്ങനെയെന്ന് സൊനാലി

ക്യാന്‍സറിനെ ഓരോ നിമിഷവും പൊരുതി തോല്‍പ്പിക്കുമെന്ന് തീരുമാനിച്ചുറച്ചിരിക്കുകയാണ് സൊനാലി ബിന്ദ്ര. കീമോ തെറാപ്പിയുടെ ദുരിത ദിനങ്ങളെ നേരിട്ടതെങ്ങനെയെന്ന് താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

' ഭയം എന്നെ കീഴടക്കാന്‍ ഞാന്‍ അനുവദിച്ചാല്‍ അതോടെ എന്റെ വിധി കഴിയും എന്ന് എനിക്ക് അറിയാമായിരുന്നു.അതുകൊണ്ട് ഭയം എന്നെ കീഴടക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. സുരക്ഷിതയായിരിക്കാന്‍ ഞാന്‍ ഉറപ്പിച്ചു, പതിവിലും ശക്തയാകുമെന്നും. ഈ ലോകത്തിലെ മറ്റൊന്നിനും എന്നെ തകര്‍ത്തുകളയാന്‍ ഞാന്‍ അനുവദിക്കില്ലെന്നും' എന്ന് വൈല്‍ഡില്‍ ഷെര്‍ല്‍ സ്‌ട്രേയ്ഡ് എഴുതിയ വരികള്‍ കടമെടുത്താണ് സൊനാലി താന്‍ അതിജീവിച്ച കീമോ ദിനങ്ങളെ കുറിച്ച് എഴുതിത്തുടങ്ങിയത്.  

'നല്ലതും ചീത്തയുമായ ദിവസങ്ങളിലൂടെയാണ് കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചെറുവിരല്‍ ഉയര്‍ത്തുമ്പോള്‍ പോലും വേദനയുള്ള ദിവസങ്ങളുണ്ടായിട്ടുണ്ട്. എനിക്കിപ്പോള്‍ ഇതൊരു സൈക്കിള്‍ പോലെ തുടര്‍പ്രക്രിയായി മാറിക്കഴിഞ്ഞു. 

ശരീരത്തില്‍ തുടങ്ങുന്ന വേദന ക്രമേണേ മാനസികവും വൈകാരികവുമായി പരിണമിച്ചുകൊണ്ടേയിരുന്നു. കീമോയ്ക്ക് ശേഷമുള്ള ദിവസങ്ങളും സര്‍ജറിക്ക് ശേഷമുള്ള ദിവസങ്ങളും അങ്ങേയറ്റം വൃത്തികെട്ട ദിവസങ്ങളായിരുന്നു. ജീവിച്ചിരുന്ന ഓരോ നിമിഷവും പൊരുതിക്കൊണ്ടേയിരുന്നു. പരാജയപ്പെട്ടേക്കാവുന്ന യുദ്ധമാണെന്നറിഞ്ഞിട്ടും പൊരുതാന്‍ ഞാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ഇങ്ങനെയും ദിവസങ്ങള്‍ ഉണ്ടാകുമെന്ന് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. എത്രകാലം സന്തോഷവും ഊര്‍ജ്ജസ്വലതയും അഭിനയിക്കും? അതുകൊണ്ട് ഞാന്‍ എന്നെ കരയാന്‍ അനുവദിച്ചു, വേദന എന്തെന്ന് അറിയാന്‍ അനുവദിച്ചു, സ്വയം പഴിച്ചു..പക്ഷേ ഇതെല്ലാം വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു. 

 നിങ്ങള്‍ കടന്നു പോകുന്ന അവസ്ഥ എന്താണ് എന്ന് നിങ്ങള്‍ ആദ്യം മനസിലാക്കി അംഗീകരിക്കുകയാണ് ഏറ്റവും പ്രധാനം. ചില സമയങ്ങളില്‍ വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നത് ഒരിക്കലും നിങ്ങളുടെ കുഴപ്പമല്ല. ചില സമയങ്ങളില്‍ നിരാശ ബാധിക്കും. അതിലും സ്വയം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഒരു പരിധി കഴിഞ്ഞാല്‍ അത്തരം വികാരങ്ങളെ അടക്കാന്‍ സാധിക്കുകയാണ് വേണ്ടത്. അവ നിങ്ങളെ നിയന്ത്രിക്കാന്‍ ഒരിക്കലും അനുവദിക്കരുത്. സ്വയം സ്‌നേഹിച്ചാല്‍ അത്തരം സങ്കടകരമായ മാനസികാവസ്ഥയില്‍ നിന്നും പുറത്ത് കടക്കാം. ഉറക്കം വലിയൊരളവ് വരെ എന്നെ സഹായിച്ചിരുന്നു. കീമോയ്ക്ക് ശേഷം ഏറ്റവും പ്രിയപ്പെട്ട സ്മൂത്തി കഴിക്കാനാണ് ഞാനിഷ്ടപ്പെട്ടത്. മറ്റു ചിലപ്പോള്‍ എന്റെ മകനോടൊപ്പം നടന്നു. ഇപ്പോഴും  ചികിത്സ തുടരുകയാണ്. ജീവിതം നല്‍കിയ ഈ പരീക്ഷയില്‍ വിജയിച്ച് സുഖം പ്രാപിച്ച് എത്രയും വേഗം വീട്ടിലേക്ക് മടങ്ങാനാവുമെന്നാണ് എന്റെ പ്രതീക്ഷയെന്നും സൊനാലി കുറിച്ചു.
 കടന്നു പോയ പരീക്ഷണങ്ങളില്‍ പതറാതെ മുന്നോട്ട് പോകുന്നതാരത്തിന് ആശംസകളുമായി ആരാധകരും ബോളിവുഡും ഒപ്പമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com