'കുട്ടികളുടെ മനസുമായി വരൂ, ഒരു അമര്‍ ചിത്രകഥ വായിക്കുന്ന ഫീല്‍ നിങ്ങള്‍ക്ക് ലഭിക്കും'; കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

150 വര്‍ഷം മുന്‍പുള്ള കേരളത്തെ കായംകുളം കൊച്ചുണ്ണിയില്‍ കാണാനാകുമെന്നാണ് അദ്ദേഹം പറയുന്നത്
'കുട്ടികളുടെ മനസുമായി വരൂ, ഒരു അമര്‍ ചിത്രകഥ വായിക്കുന്ന ഫീല്‍ നിങ്ങള്‍ക്ക് ലഭിക്കും'; കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

കായംകുളം കൊച്ചുണ്ണി നാളെ തീയെറ്ററുകളില്‍ എത്തുകയാണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായെത്തുന്നത്. കൂടാതെ അതിഥി താരമായി മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കായംകുളം കൊച്ചുണ്ണി മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും ആരാധകരുടെ പ്രതീക്ഷ വെറുതെയാവില്ല എന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. 150 വര്‍ഷം മുന്‍പുള്ള കേരളത്തെ കായംകുളം കൊച്ചുണ്ണിയില്‍ കാണാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. 

ചിത്രത്തിന്റെ തിരക്കഥകൃത്തുക്കളായ ബോബി- സഞ്ജയോട് വളരെക്കാലും മുന്‍പാണ് ചരിത്രസിനിമ ചെയ്യണമെന്ന് റോഷന്‍ പറയുന്നത്. എന്നാല്‍ മറ്റ് പ്രൊജക്റ്റുകളുമായി തിരക്കായതോടെ അത് മാറ്റിവെക്കുകയായിരുന്നു. പിന്നീടാണ് ഒരു ദിവസം സഞ്ജയ് ഈ കഥ പറയുന്നത്. സാധാരണക്കാരന്റെ കഥയായിരുന്നു അത്. സമകാലിക രീതിയില്‍ 150 വര്‍ഷം മുന്‍പുള്ള കേരളത്തെ പുനര്‍സൃഷ്ടിക്കുക എന്ന ആശയത്തിലേക്ക് എത്തുന്നത്. സംവിധായകന്‍ എന്ന നിലയില്‍ ഇത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

മുന്‍പ് വന്നിട്ടുള്ള ഏതെങ്കിലും ചിത്രത്തേപ്പോലെയായിരിക്കണം കൊച്ചുണ്ണിയെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ കഴിവിലും ചിന്തിയിലും എനിക്ക് വിശ്വാസമുണ്ട്. എന്നെത്തന്നെ ഒരിക്കലും വിലകുറച്ച് കാണില്ല. ചിത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ വലിയ ബജറ്റില്‍ ഒരുക്കണമെന്നാണ് ചിന്തിച്ചത്. എന്നാല്‍ ഒരുപാട് പണം ചെലവാക്കാനാകില്ല എന്നത് യാഥാര്‍ത്ഥ്യമായിരുന്നു. പഴയ കേരളത്തെ പുനര്‍സൃഷ്ടിക്കാന്‍ 45 കോടി രൂപയാണ് വേണ്ടിവന്നത്. ഈ ബജറ്റിനുള്ളില്‍ ഒതുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇത് താന്‍ വളരെ അധികം ആസ്വദിച്ചു എന്നാണ് റോഷന്‍ പറയുന്നത്. 

വലിയ ബജറ്റില്‍ ഒരുക്കാനായില്ലെങ്കില്‍ ഈ ചിത്രം പുറത്തിറക്കിയിട്ട് കാര്യമില്ലായിരുന്നു. അതിന് പറ്റിയ നിര്‍മാതാവിനെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. ഗോകുലന്‍ ഗോപാലനില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. പണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട, അഭിമാനിക്കാന്‍ പറ്റുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യൂ എന്നാണ് അദ്ദേഹം പറഞ്ഞത്. മോഹന്‍ലാലും നിവിന്‍ പോളിയും ഇതില്‍ ഭാഗമായതോടെ ചിത്രം കൂടുതല്‍ സ്‌പെഷ്യലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരുപാട് ചിന്തിക്കേണ്ടതോ വിശകലനം നടത്തേണ്ടതോ ആയ ചിത്രമല്ല ഇത്. ഒരു എന്റര്‍ടെയ്‌നറാണ്. 150 വര്‍ഷം മുന്‍പ് കേരളം എങ്ങനെയെന്ന് ചിത്രത്തില്‍ കാണാനാകും. ആ കാലഘട്ടത്തില്‍ ആളുകള്‍ എങ്ങനെ യാത്രചെയ്‌തെന്നും ആശയവിനിമയം നടത്തിയെന്നും പണമിടപാട് നടത്തിയെന്നുമുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. ഒരു അമര്‍ചിത്ര കഥ വായിച്ചതുപോലുള്ള ഫീലായിരിക്കും കിട്ടുക. ഒരു കുട്ടിയെപോലെയിരുന്ന് ചിത്രം കാണാം റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇപ്പോഴത്തെ യുവതാരങ്ങളില്‍ കൊച്ചുണ്ണിയാവാന്‍ പറ്റുന്നത് നിവിന്‍ പോളിക്കാണ് എന്നാണ് റോഷന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com