പദ്മാവത് വിവാദം: ദീപിക പദുക്കോണിന്റെ തലക്ക് വിലയിട്ട നേതാവ് വീണ്ടും ബിജെപിയില്‍

സംസ്ഥാന ബിജെപി അദ്ധ്യക്ഷനായ സുഭാഷ് ബരാലയാണ് അമുവിനെ ബിജെപിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നത്.
പദ്മാവത് വിവാദം: ദീപിക പദുക്കോണിന്റെ തലക്ക് വിലയിട്ട നേതാവ് വീണ്ടും ബിജെപിയില്‍

ഗുരുഗ്രാം: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത് എന്ന ബോളിവുഡ് ചിത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങളും കുറെക്കാലം കത്തിനിന്നതാണ്. ചിത്രത്തില്‍ രജപുത് വിഭാഗത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിക്കാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ പദ്മാവതി എന്ന പേര് മാറ്റി, പദ്മാവത് എന്നാക്കിയാണ് ചിത്രം റിലീസിനെത്തിയത്.

ചിത്രത്തിലെ നടിക്കും സംവിധായകനും വധഭീഷണി വരെ ഉണ്ടായി. ദീപിക പദുക്കോണ്‍ ആയിരുന്നു ചിത്രത്തില്‍ പത്മാവതി ആയി എത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ബിജെപി നേതാവ് സൂരജ് പാല്‍ അമു ദീപികയുടെ തല വെട്ടിയെടുക്കുന്നവര്‍ക്ക്  പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് വന്‍ വിവാദമാവുകയും ചെയ്തു.

എന്നാലിപ്പോള്‍ സൂരജ് പാല്‍ അമു വീണ്ടും ബിജെപിയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. സംസ്ഥാന ബിജെപി അദ്ധ്യക്ഷനായ സുഭാഷ് ബരാലയാണ് അമുവിനെ ബിജെപിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് തന്നെ സംബന്ധിച്ച് വീട്ടിലേക്ക് തിരിച്ചു വരുന്നത് പോലെയാണെന്ന് സൂരജ് പാല്‍ പറഞ്ഞു.

2017 നവംബറില്‍ സൂരജ് പാല്‍ ഹരിയാനയിലെ ബിജെ പിയുടെ ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെച്ചിരുന്നു. പദ്മാവത് സിനിമയെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ദീപികയുടെ തല വെട്ടിയെടുക്കുന്നവര്‍ക്ക് 10 കോടി രൂപയാണ് ഇയാള്‍ പാരിതോഷികമായി വാഗ്ദാനം ചെയ്തത്.  

തുടര്‍ന്ന് ഈ പരാമര്‍ശങ്ങളുടെ പേരില്‍ സൂരജ് പാലിന് ബി ജെപി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com