ഫോണ്‍ വിളിച്ചത് ഞാനാണെന്ന് എങ്ങനെ അറിയാനാകും ? ; 'മീ ടൂ' ആരോപണം തള്ളി മുകേഷ്

തനിക്കെതിരായ ആരോപണം മിസ് അണ്ടര്‍സ്റ്റാന്‍ഡിംഗ് മൂലമാകാമെന്ന് മുകേഷ്
ഫോണ്‍ വിളിച്ചത് ഞാനാണെന്ന് എങ്ങനെ അറിയാനാകും ? ; 'മീ ടൂ' ആരോപണം തള്ളി മുകേഷ്

കൊച്ചി : മീ ടൂ ക്യാംപെയ്‌നിലൂടെ തനിക്കെതിരെ ഉന്നയിച്ച ആരോപണം തള്ളി നടന്‍ മുകേഷ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ല. താന്‍ കണ്ടതായി പോലും ഓര്‍ക്കുന്നില്ല. എന്റെ സ്വഭാവം വെച്ച് ഞാന്‍ അങ്ങനെ ചെയ്യില്ലെന്നും മുകേഷ് പറഞ്ഞു. ഫോണ്‍ വിളിച്ചത് ഞാനാണെന്ന് എങ്ങനെ അറിയാനാകും. മുകേഷ് കുമാര്‍ എന്ന പേരില്‍ മറ്റാരെങ്കിലും ആകാം ഫോണ്‍ ചെയ്തത്. തനിക്കെതിരായ ആരോപണം മിസ് അണ്ടര്‍സ്റ്റാന്‍ഡിംഗ് മൂലമാകാമെന്നും മുകേഷ് പറഞ്ഞു. 

19 കൊല്ലം മുമ്പ് കോടീശ്വരന്‍ പ്രോഗ്രാമിനിടെയാണ് സംഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞു. അന്ന് ലെ മെറഡിയനിലായിരുന്നു തന്റെ താമസം. ആദ്യമായാണ് താന്‍ ഫൈവ് സ്റ്റാറിന് മുകളിലുള്ള ഹോട്ടലില്‍ താമസിക്കുന്നത്. ആ ഹോട്ടലില്‍ പ്രോഗ്രാമിന്റെ ക്രൂവിലുള്ളവര്‍ക്കും താമസ സൗകര്യം ഒരുക്കുമെന്ന് കരുതുന്നില്ലെന്നും മുകേഷ് പറഞ്ഞു. 

ആ പ്രോഗ്രാമിന്റെ ഡയറക്ടര്‍ ഡെറക് ഒബ്രയാന്‍ തന്റെ ഗുരു കൂടിയാണ്. 10 കൊല്ലം മുമ്പ് അദ്ദേഹം കൊച്ചിയില്‍ വന്നപ്പോള്‍ തന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. തന്റെ ഭാഗത്ത് നിന്ന് തെറ്റായ പ്രവൃത്തി ഉണ്ടായി എങ്കില്‍ അദ്ദേഹം വീണ്ടും വിളിപ്പിക്കില്ലല്ലോ. മാത്രമല്ല അദ്ദേഹം ഇക്കാര്യം ഇതുവരെ തന്നോട് സൂചിപ്പിച്ചിട്ടില്ലെന്നും മുകേഷ് പറഞ്ഞു. 

തന്റെ മനസ്സിലുള്ള കാര്യം കോറിയിട്ടതാണെന്നും, ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്നും മീടൂവില്‍ വെളിപ്പെടുത്തിയ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് പറഞ്ഞിരുന്നു. ഇതും മുഖവിലയ്‌ക്കെടുക്കണം. മാനനഷ്ടക്കേസ് നൽകുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കാനാകൂ എന്നും മുകേഷ് പറഞ്ഞു. 

കലാകുടുംബത്തില്‍ നിന്ന് വരുന്നയാളാണ് ഞാന്‍. മീ ടൂ ക്യാംപെയ്‌നെ ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്യുന്നയാളാണ്. ഇനിമുതല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അപ്പോള്‍ തന്നെ റിയാക്ട് ചെയ്യണം. കൂടുതല്‍ പെണ്‍കുട്ടികള്‍ കലാരംഗത്തേക്ക് കടന്നുവരണമെന്നും മുകേഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com