ശീലിച്ചതെല്ലാം മാറ്റാന്‍ സമയമായിരിക്കുന്നു, 'നോ' എന്നു പറഞ്ഞാല്‍ അര്‍ത്ഥം 'നോ' എന്നു തന്നെ ;  നടി രേവതി

'നോ' എന്നു വച്ചാല്‍ 'നോ' എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല, രേവതി നിലപാട് വ്യക്തമാക്കി
ശീലിച്ചതെല്ലാം മാറ്റാന്‍ സമയമായിരിക്കുന്നു, 'നോ' എന്നു പറഞ്ഞാല്‍ അര്‍ത്ഥം 'നോ' എന്നു തന്നെ ;  നടി രേവതി


തിരുവനന്തപുരം : മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി നടന്‍ മുകേഷിനെതിരെ ചലച്ചിത്ര പ്രവര്‍ത്തക ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തലിനെ പിന്തുണച്ച് നടി രേവതി. ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ ഇത്രയും കാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായിരിക്കുന്നു, സ്ത്രീകള്‍ എല്ലാം തുറന്നു പറയുന്ന കാലമെത്തിയിരിക്കുന്നെന്നും രേവതി അഭിപ്രായപ്പെട്ടു. 

'സ്ത്രീകള്‍ 'നോ' എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം 'നോ' എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതു മനസ്സിലാക്കാനുള്ള സമയമായി. 'നോ' എന്നു വച്ചാല്‍ 'നോ' എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല, രേവതി നിലപാട് വ്യക്തമാക്കി.

ദിലീപിനെതിരായ കേസില്‍ ഡബ്ല്യുസിസി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അമ്മ തള്ളിയ സാഹചര്യത്തില്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കും. ഇക്കാര്യത്തില്‍  ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

കോടീശ്വരന്‍ പ്രോഗ്രാമിനിടെ അവതാകരനായ മുകേഷില്‍ നിന്നും ദുരനുഭവമുണ്ടായെന്നാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് വെളിപ്പെടുത്തിയത്. ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്നും, മുകേഷിന്റെ മുറിയ്ക്ക് സമീപത്തേക്ക് താമസം മാറാന്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ആരോപണം മുകേഷ് നിഷേധിച്ചു. താന്‍ അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും, തെറ്റിദ്ധാരണയുടെ പുറത്താകാം തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും മുകേഷ് വിശദീകരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com