ആദ്യം ഭരതന്‍, പിന്നെ ഹരിഹരന്‍.. രണ്ടാമൂഴത്തെ സ്വപ്‌നം കണ്ടു പിന്‍മാറിയവര്‍ പലര്‍; ശ്രീകുമാര്‍ മേനോനും ആ പട്ടികയിലേക്കോ?

നിരവധി സംവിധായകരാണ് ഇതിന് മുന്‍പ് രണ്ടാമൂഴത്തെ സിനിമയാക്കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് ആ സ്വപ്‌നങ്ങളെല്ലാം പാതി വഴിയില്‍ തകരുകയായിരുന്നു
ആദ്യം ഭരതന്‍, പിന്നെ ഹരിഹരന്‍.. രണ്ടാമൂഴത്തെ സ്വപ്‌നം കണ്ടു പിന്‍മാറിയവര്‍ പലര്‍; ശ്രീകുമാര്‍ മേനോനും ആ പട്ടികയിലേക്കോ?

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം ഇപ്പോള്‍ വിവാദക്കുരുക്കിലാണ്. സിനിമ വൈകുന്നു എന്ന കാരണത്തില്‍ എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ തിരിച്ച് ചോദിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ചിത്രവുമായി മുന്നോട്ടു പോകും എന്ന ഉറച്ച തീരുമാനത്തിലാണ് സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ബി.ആര്‍ ഷെട്ടിയും. എന്നാല്‍ ഇവരില്‍ മാത്രം ഒതുങ്ങുന്നതല്ല രണ്ടാമൂഴത്തിന്റെ സിനിമ ചരിത്രം. ഒരുപാട് പേരുടെ സ്വപ്‌ന ചിത്രമായിരുന്നു ഇത്. നിരവധി സംവിധായകരാണ് ഇതിന് മുന്‍പ് രണ്ടാമൂഴത്തെ സിനിമയാക്കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് ആ സ്വപ്‌നങ്ങളെല്ലാം പാതി വഴിയില്‍ തകരുകയായിരുന്നു. 

മലയാളത്തിലെ പ്രിയ സംവിധാകന്‍ ഭരതന്‍ രണ്ടാമൂഴം സിനിമയാക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു. അദ്ദേഹം ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ തുടങ്ങിവെച്ചതുമാണ്. 1990 കളിലായിരുന്നു ഇത്. എന്നാല്‍ ഒരു മലയാളം ചിത്രത്തിന് വേണ്ടി വലിയ രീതിയില്‍ പണം മുടക്കുന്ന നിര്‍മാതാക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. പണം മുടക്കാന്‍ ആളില്ലാത്തതിനാല്‍ മാത്രമാണ് രണ്ടാമൂഴം അന്ന് സിനിമയാകാതെ പോയത്. 

പിന്നീട് എംടിയുടെ നോവലിനെ സിനിമയാക്കാനുള്ള പദ്ധതിയുമായി സംവിധായകന്‍ ഹരിഹരന്‍ രംഗത്തെത്തി. മോഹന്‍ലാലിനെ ഭീമനാക്കി മൂന്ന് ഭാഗങ്ങളാക്കി ചിത്രമെടുക്കാനായിരുന്നു തീരുമാനം. രണ്ടാമൂഴത്തെ ഒരു സിനിമയിലേക്ക് ചുരുക്കുന്നത് നോവലിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെടുത്തുമെന്നായിരുന്നു ഹരിഹരന്റെ നിലപാട്. എന്നാല്‍ ഈ മോഹവും യാഥാര്‍ത്ഥ്യമായില്ല. 

ഏറ്റവും അവസാനമാണ് മലയാള സിനിമയിലെ തുടക്കക്കാരനായ വി.എ ശ്രീകുമാര്‍ രണ്ടാമൂഴം പ്രൊജക്റ്റ്  പ്രഖ്യാപിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമെന്ന ചിത്രം വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടു. 1000 കോടി മുതല്‍ മുടക്കില്‍ ബി ആര്‍ ഷെട്ടി നിര്‍മിക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഈ പ്രാവശ്യം രണ്ടാമൂഴം സിനിമയാവുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശരാക്കുന്നതാണ്. 

മഹാഭാരതത്തിന്റെ വ്യത്യസ്തമായ വ്യാഖ്യാനമായിരുന്നു രണ്ടാമൂഴം. ജീവിതത്തില്‍ ഉടനീളം രണ്ടാമതാകേണ്ടിവന്ന ഭീമനാണ് ഇതില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍ പീസാണ് രണ്ടാമൂഴമെന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ഭീമന്റെ കണ്ണിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ഇതുവരെ ദൈവിക പരിവേഷം നല്‍കിയ കഥാപാത്രങ്ങളെയെല്ലാം എംടി തന്റെ നോവലിന്‍ ഉടച്ചുവാര്‍ത്തു. അങ്ങനെ നായകന്മാര്‍ വില്ലനും വില്ലന്മാര്‍ നായകന്മാരുമായി മാറി. 

രണ്ടാമൂഴത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ അവസാനിക്കുന്നതല്ല. യാഥാര്‍ത്ഥ്യമാകുന്നതുവരെ അത് തുടര്‍ന്നുകൊണ്ടിരിക്കും. എന്തായാലും ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴം തീയെറ്ററില്‍ എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. അല്ലെങ്കില്‍ അദ്ദേഹവും ഭരതനേയും ഹരിഹരനേയും പോലെ പാതിവഴിയില്‍ തോറ്റു മടങ്ങുമോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com