ഇനി ചുംബിക്കാനില്ല; കാരണം വെളിപ്പെടുത്തി ഇമ്രാന്‍ ഹാഷ്മി

ഇനി ചുംബിക്കാനില്ല; കാരണം വെളിപ്പെടുത്തി ഇമ്രാന്‍ ഹാഷ്മി
ഇനി ചുംബിക്കാനില്ല; കാരണം വെളിപ്പെടുത്തി ഇമ്രാന്‍ ഹാഷ്മി

അഭിനയിച്ച ചിത്രങ്ങളിലൊക്കെ അസാമാന്യ സൗന്ദര്യത്തോടെ ചുംബനസീനുകള്‍ കൈകാര്യം ചെയ്ത നടനാണ് ഇമ്രാന്‍ ഹഷ്മി. വയസ്സ് 38 കഴിഞ്ഞിട്ടും ബോളിവുഡില്‍ ഇപ്പോഴും ചോക്ലേറ്റ് പയ്യന്‍മാരുടെ നിരയിലാണ് സ്ഥാനം.  മീ ടൂ ക്യാംപെയിന്‍ രാജ്യമാകെ കത്തിപ്പടരുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ഇമ്രാന്‍.

താന്‍ അഭിനയിച്ച സിനിമകളില്‍ പല ചുംബനരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഇമ്രാന്റെ വെളിപ്പെടുത്തല്‍. സഹതാരങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തോന്നിയാല്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. ഇങ്ങനെയുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ സംവിധായകരോടും സഹതാരങ്ങളോടും ചര്‍ച്ച ചെയ്ത് സമ്മതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അഭിനയിച്ചതെന്നും ഇമ്രാന്‍ പറഞ്ഞു.

തന്റെ നിര്‍മാണ കമ്പനിയായ ഇമ്രാന്‍ ഹാഷ്മി ഫിലിംസില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താനായുള്ള ആക്ട് ഉള്‍പ്പെടുത്തുമെന്നും ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ലൈംഗികാതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡില്‍ മീ ടൂ ക്യാംപയിനില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങുന്നതിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സംവിധായകരായ സാജിദ് ഖാന്‍, സംവിധായകന്‍ സുഭാഷ് ഗായ്, നിര്‍മാതാവ് കരിം മൊറാനി എന്നിവര്‍ക്കെതിരെയാണ് മീ ടുവില്‍ പുതിയ ആരോപണങ്ങള്‍. തനുശ്രീയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെയെടുത്ത കേസ് ദുര്‍ബലമാണെന്നും വാദമുണ്ട്.  

നടി  സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതല്‍ സാജിദിന്റെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. സാജിദ് ഖാന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിര്‍മാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡല്‍ഹി സ്വദേശിനിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നില്‍ പീഡനം തുറന്നുപറഞ്ഞത്.  സംവിധായകന്‍ സുഭാഷ് ഗേയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നു.  മദ്യപിച്ചെത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായുള്ള ആരോപണം ഒരു സിനിമപ്രവര്‍ത്തകയാണ് പങ്കുവച്ചത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല.

ഇതിനിടെയാണ് തനുശ്രീയുട പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെയുള്ള കേസ് ജാമ്യംലഭിക്കാവുന്ന വകുപ്പുകള്‍പ്രകാരമെന്ന് പൊലീസ് ഉന്നതര്‍ സൂചനനല്‍കിയത്. ഐപിസി 354, 509 വകുപ്പുകള്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും,  2013ല്‍ ഈ വകുപ്പുകളില്‍വരുത്തിയ ഭേദഗതി പടേക്കറിനു അനുകൂലമായേക്കാമെന്നും പറയുന്നു. അതിനാല്‍ 7വര്‍ഷം വരെ തടവ് ഉള്‍പ്പെടെ കടുത്ത ശിക്ഷ പടേക്കര്‍ നേരിടേണ്ടിവന്നേക്കില്ല.  പടേക്കറിനെ കൂടാതെ, സംവിധായകന്‍ രാകേഷ് സാരംഗ്, നിര്‍മാതാവ് സമീ സിദ്ദിഖി, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ എന്നിവരും കേസില്‍പ്രതികളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com