ദിലീപ് 'അമ്മ'യില്‍ നിന്നും രാജിവച്ചു; കത്ത് മോഹന്‍ലാലിന് കൈമാറി

ദിലീപ് 'അമ്മ'യില്‍ നിന്നും രാജിവച്ചു - കത്ത് മോഹന്‍ലാലിന് കൈമാറി
ദിലീപ് 'അമ്മ'യില്‍ നിന്നും രാജിവച്ചു; കത്ത് മോഹന്‍ലാലിന് കൈമാറി

കൊച്ചി: നടന്‍ ദിലീപ് രാജിക്കത്ത് നല്‍കി. ഈ മാസം പത്തിനാണ് 'അമ്മ'യില്‍ നിന്നും രാജി വയ്ക്കുന്നതായുള്ള കത്ത് നല്‍കിയത്. പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്ത് കൈമാറിയത്. മനോരമാ ന്യൂസ് ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ശനിയാഴ്ച കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ ചലചിത്ര സംഘടനകളുടെ തലപ്പത്തുള്ളവര്‍ സംരക്ഷിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്നു ഡബ്‌ള്യുസിസി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ? ഇരയായ പെണ്‍കുട്ടിയെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചു. 'ചൂടുവെള്ളത്തില്‍ വീണ പൂച്ച' എന്ന നടന്‍ ബാബുരാജിന്റെ പരാമര്‍ശം ഹീനം. അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്ന് രേവതി തുറന്നടിച്ചു. 

ഡബ്‌ള്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ തയാറായില്ല. നടിമാര്‍ എന്നുമാത്രം പറഞ്ഞാണ് പരാമര്‍ശിച്ചത്. ദിലീപിന്റെ കാര്യത്തില്‍ 'അമ്മ'യുടെ ബൈലോ വച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ദിലീപ് സംഘടനയിലുണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നു പത്മപ്രിയ പറഞ്ഞു. പ്രതിയായ നടന്‍ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റി. സംഘടന ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. 

അമ്മ സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി മാറി. അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. 'ഞങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും രോഷാകുലരുമാണ് '. തിലകന്റെ കാര്യം ജനറല്‍ ബോഡി ചര്‍ച്ചചെയ്തില്ല. അദ്ദേഹത്തെ നിര്‍വാഹകസമിതി പുറത്താക്കി. 

ഒന്നരവര്‍ഷം മുന്‍പ് 17കാരി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചെന്നു രേവതി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംവിധാനങ്ങള്‍ വേണം. ആ പെണ്‍കുട്ടി തുറന്നുപറയാന്‍ സന്നദ്ധയാകുമ്പോള്‍ അത് പുറത്തുവരും. 

വാര്‍ത്താസമ്മേളനത്തിനിടെ ദുരനുഭവം വെളിപ്പെടുത്തി അഭിനേത്രി അര്‍ച്ചന പത്മിനിയും രംഗത്തെത്തി. 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിന്റ െസറ്റിലാണ് താന്‍ ലൈംഗികാതിക്രമം നേരിട്ടതെന്നു അര്‍ച്ചന പറഞ്ഞു. സാങ്കേതികപ്രവര്‍ത്തകനായ ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയില്ല. പൊലീസില്‍ പരാതി നല്‍കാത്തത് ആവര്‍ത്തിച്ചുള്ള അധിക്ഷേപം ഭയന്നാണെന്നും നടി പറഞ്ഞു. 

'അമ്മ'യിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടുമെന്ന് ഡബ്‌ള്യുസിസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംഘടനയില്‍ നിന്ന് രാജിവയ്ക്കില്ല. യോഗങ്ങളില്‍ പങ്കെടുക്കും. ആരും ഓടിയൊളിക്കില്ലെന്നും ലൈംഗികപീഡകരെ സംരക്ഷിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞെന്നും ഡബ്ല്യസിസി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com