രണ്ടു വര്‍ഷം മുമ്പും മോദി മോഹന്‍ലാലിനെ വിളിച്ചു, കൂടിക്കാഴ്ച വസതിയില്‍ വച്ച് ; രാഷ്ട്രീയമില്ലെന്നു സുഹൃത്തുക്കള്‍

വസതിയിലേക്കു താരത്തെ ക്ഷണിച്ച് പ്രധാമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് അടുത്ത സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നത്
രണ്ടു വര്‍ഷം മുമ്പും മോദി മോഹന്‍ലാലിനെ വിളിച്ചു, കൂടിക്കാഴ്ച വസതിയില്‍ വച്ച് ; രാഷ്ട്രീയമില്ലെന്നു സുഹൃത്തുക്കള്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരംമോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയ്ക്കു രണ്ടു വര്‍ഷം മുമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി താത്പര്യം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇക്കാര്യം പുറത്തുവന്നത്. 

രണ്ടു വര്‍ഷം മുമ്പും മോദി ലാലിനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് അറിയിച്ചത്. എന്നാല്‍ ഈ കൂടിക്കാഴ്ച നടന്നില്ല. ഇക്കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴചയും മോദിയുടെ താത്പര്യപ്രകാരമായിരുന്നെന്ന് ഇവര്‍ പറയുന്നു. മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

സ്വന്തം വസതിയിലേക്കാണ് മോദി മോഹന്‍ലാലിനെ ക്ഷണിച്ചത്. വസതിയിലേക്കു താരത്തെ ക്ഷണിച്ച് പ്രധാമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് അടുത്ത സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ട താരം കേരളത്തിലെ പ്രളയത്തെ കുറിച്ചും താന്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഗുരുവായൂരില്‍ പണികഴിപ്പിച്ച സ്വര്‍ണം പൂശിയ മരപ്രഭു ശില്‍പ്പം പ്രധാനമന്ത്രിക്ക് സമ്മാനിച്ചാണ് ലാല്‍ മടങ്ങിയത്. മരപ്രഭു ശില്‍പ്പത്തെ കുറിച്ച് കൂടുതല്‍ ചോദിച്ച പ്രധാനമന്ത്രിയോട് സര്‍വ്വദുരിത മുക്തിക്ക് ഉത്തമമായ മാര്‍ഗമാണ് മരപ്രഭുവിനെ ദര്‍ശിക്കുന്നതെന്ന ഐതീഹ്യവും താരം പങ്കുവച്ചു. സന്തോഷകരമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് പിന്നീട് ഇരുവരും ട്വിറ്ററിലും കുറിച്ചിരുന്നു.
 

മോദി-ലാല്‍ കൂടിക്കാഴ്ചയോടെ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാവും എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. സ്ഥാനാര്‍ഥിയാവുന്ന കാര്യം അറിഞ്ഞില്ല എന്നാണ്, ഇതുമായി ബന്ധപ്പെട്ട വാര്‍ത്താലേഖകരുടെ ചോദ്യത്തോട് മോഹന്‍ലാല്‍ പ്രതികരിച്ചത്. അതേസമയം രാഷ്ട്രീയ വൃത്തങ്ങളില്‍ മോദി-ലാല്‍ കൂടിക്കാഴ്ച ചര്‍ച്ചാവിഷയമായിട്ടുണ്ട്.

സംസ്ഥാനത്തുനിന്നുള്ള ബിജെപി നേതാക്കള്‍ അറിയാതെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ കണ്ടത് എന്നാണ് സൂചന. ആര്‍എസ്എസ് ആണ് ഇതിനു ചുക്കാന്‍ പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിലെ ചുരുക്കം ചിലര്‍ക്കും സേവാഭാരതി ദേശീയ നേതൃത്വത്തിനുമാണ് കൂടിക്കാഴ്ചയെക്കുറിച്ച് അറിവുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com