എന്റെ ആദ്യ മലയാളചിത്രം ഞാനിതുവരെ കണ്ടിട്ടുപോലുമില്ല: കമ്മട്ടിപ്പാടത്തില്‍ രസിക ദുഗലിന് എന്താണ് സംഭവിച്ചത്

പതിവ് നായികാ-നായക സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിയെഴുതുന്നതായിരുന്നു ചിത്രത്തിന്റെ കാസ്റ്റിങ്.
എന്റെ ആദ്യ മലയാളചിത്രം ഞാനിതുവരെ കണ്ടിട്ടുപോലുമില്ല: കമ്മട്ടിപ്പാടത്തില്‍ രസിക ദുഗലിന് എന്താണ് സംഭവിച്ചത്

രാജീവ് രവി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും വിനായകനും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. നഗരം വാര്‍ത്തെടുക്കുമ്പോള്‍ അതിനൊപ്പം അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കഥ പറഞ്ഞുപോകുന്ന ചിത്രത്തിന് നിരവധി പ്രേഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. പതിവ് നായികാ-നായക സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിയെഴുതുന്നതായിരുന്നു ചിത്രത്തിന്റെ കാസ്റ്റിങ്.

ഇതിനെല്ലാമിടയില്‍ ചിത്രത്തില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു നടി കൂടിയുണ്ടായിരുന്നു. രസിക ദുഗല്‍ എന്ന ബോളിവുഡ് താരം. വളരെ കുറച്ച് സീനുകളില്‍ മാത്രം അഭിനയിച്ച രസികയെ ആളുകള്‍ ഓര്‍ത്തിരിക്കണമെന്നുകൂടിയില്ല. ധാരാളം ബോളിവുഡ് സിനിമകളില്‍ അഭിനയിച്ച രസിക എന്തിന് ഒരു മലയാളം ചിത്രത്തില്‍ ഇത്ര ചെറിയ റോളില്‍ അഭിനയിച്ചു എന്ന് തോന്നിയേക്കാം. എന്നാല്‍ അതിന് കൃത്യമായ കാരണമുണ്ട്.

ഇത്ര കുറച്ചു സീനികളില്‍ മാത്രം മുഖം കാണിക്കേണ്ടി വരുമെന്ന് രസിക പ്രതീക്ഷിച്ചിരുന്നില്ല. തന്റെ ആദ്യ മലയാളചിത്രത്തില്‍ വളരെ കുഞ്ഞുവേഷം മാത്രം ആയിപ്പോയത് ഒരുപാട് സീനുകള്‍ കട്ട് ചെയ്ത് കളഞ്ഞതുകൊണ്ടാണ്. ഒരുപാട് കാര്യങ്ങള്‍ മൂന്നു മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കേണ്ടി വന്നപ്പോള്‍ സംവിധായകന് കുറച്ച് അധികം സീനുകള്‍ എടുത്തുമാറ്റേണ്ടി വന്നു.

2016ല്‍ പുറത്തിറങ്ങിയ ഈ ചിത്രം രസിക ഇതുവരെ കണ്ടിട്ടു കൂടിയില്ല. രാജീവ് രവിയും രസികയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്നിച്ച് പഠിച്ചതായിരുന്നു. ആ പരിചയമാണ് നടിയെ കമ്മട്ടിപ്പാടത്തേക്കെത്തിച്ചത്. 'രാജീവ് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ചിത്രമായിരുന്നു ചെയ്തത്. പക്ഷേ ആളുകള്‍ സിനിമ കാണണമെങ്കില്‍ അതിന്റെ സമയം കുറയ്ക്കണമായിരുന്നു. അങ്ങനെയാണ് എന്റെ പല സീനുകളും ഇല്ലാതായത്. രാജീവ് അതിന് എന്നോട് വളരെയധികം ക്ഷമ ചോദിച്ചിരുന്നു'- രസിക പറയുന്നു.

ദുല്‍ഖറിനും ഇക്കാര്യത്തില്‍ ഏറെ വിഷമമായെന്നും, സിനിമ കണ്ടതിന് ശേഷം തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും രസിക പറഞ്ഞു. 'ചിത്രം കണ്ട ഒരുപാട് ആളുകള്‍ തന്നോട് ചോദിച്ചു, എന്താണിത്ര ചെറിയ റോള്‍ എന്ന്. പക്ഷേ അത് എന്റെ കുറ്റമല്ലല്ലോ, ഞാന്‍ ആ ചിത്രത്തില്‍ ഒരുപാട് ചെയ്തിട്ടുണ്ട്. പക്ഷേ ചിലത് സംഭവിച്ചു. ഒന്നും നമ്മളുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ലല്ലോ..

എന്റേത് യഥാര്‍ത്ഥത്തില്‍ വളരെ മനോഹരമായ ഒരു ക്യാരക്ടര്‍ ആയിരുന്നു. എനിക്ക് ചിത്രത്തിന്റെ നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭാഗം അന്ന് കാണാനായിരുന്നില്ല. പിന്നീട് ഞാന്‍ ചിത്രം തന്നെ കാണാന്‍ മെനക്കെട്ടില്ല. രാജീവ് എന്റെ സീനുകളെല്ലാം വെട്ടിക്കളഞ്ഞതില്‍ ഞാന്‍ ഏറെ അസ്വസ്ഥയായിരുന്നു. അതിനാലാണ് പിന്നീട് കമ്മട്ടിപ്പാടം കാണാന്‍ ശ്രമിക്കാതിരുന്നത്'- രസിക വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com