'കഥയല്ല, വേണ്ടത് മുണ്ട് പറിച്ച് ഇടിയും റെയ്ബാന്‍ ഗ്ലാസും'; 65 ലക്ഷത്തിന്റെ ബെന്‍സ് കാറ് തരാമെന്ന് പറഞ്ഞിട്ടും ഭദ്രന്‍ സ്ഫടികം 2 എടുത്തില്ല

ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഗുഡ് നൈറ്റ് മോഹനന്‍ സമീപിക്കുന്നത്
'കഥയല്ല, വേണ്ടത് മുണ്ട് പറിച്ച് ഇടിയും റെയ്ബാന്‍ ഗ്ലാസും'; 65 ലക്ഷത്തിന്റെ ബെന്‍സ് കാറ് തരാമെന്ന് പറഞ്ഞിട്ടും ഭദ്രന്‍ സ്ഫടികം 2 എടുത്തില്ല

സൂപ്പര്‍ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗത്തെ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പതിവ്. എന്നാല്‍ മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നായി കണക്കാക്കുന്ന സ്ഫടികത്തിന്റെ കാര്യം ഇതല്ല. സ്ഫടികം 2 വരുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംവിധായകനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തിനെതിരേ സ്ഫടികം സംവിധായകന്‍ ഭദ്രന്‍ തന്നെ രംഗത്തു വന്നിരുന്നു. എന്നാല്‍ ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന രണ്ടാം ഭാഗവുമായി മുന്നോട്ടുപോകും എന്ന ഉറച്ച തീരുമാനത്തിലാണ് സംവിധായകന്‍ ബിജു. ജെ. കട്ടക്കല്‍. സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഇറക്കണമെന്ന് നേരത്തെ തന്നെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും അതിന് തയാറാവാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. 

ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഗുഡ് നൈറ്റ് മോഹനന്‍ സമീപിക്കുന്നത്. 65 ലക്ഷം രൂപ വിലവരുന്ന ബെന്‍സ് കാറാണ് ഇതിനായി ഓഫര്‍ ചെയ്തത്. കഥയൊന്നും പ്രശ്‌നമല്ല, തുണി പറിച്ച് ഇടിയും കറുപ്പും ചുവപ്പും ഷോര്‍ട്‌സിട്ട് റെയ്ബാന്‍ ഗ്ലാസും വെച്ചുള്ള രംഗം എന്നീ രണ്ട് കാര്യങ്ങള്‍ മാത്രമുണ്ടായാല്‍ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത് കേട്ട് താന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് ഭദ്രന്‍ പറഞ്ഞത്. 

നിങ്ങള്‍ ഇത്രയും പണം മുടക്കി ഇത്രയും സമയമെടുത്ത് ഉണ്ടാക്കിയ സിനിമ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നിങ്ങള്‍ക്കു മനസ്സിലായില്ലല്ലോ. ചെകുത്താന്‍ എന്നെഴുതിയ അപ്പന്‍, തന്റെ  മകന്‍ ചെകുത്താനായിരുന്നില്ല, സ്ഫടികമായിരുന്നു എന്നു തിരിച്ചറിയുന്നതാണ് ആ സിനിമയുടെ കാതല്‍'.
 
'അങ്ങനെ എന്നെന്നേക്കുമായി ചെകുത്താനെ മായ്ച്ച് സ്ഫടികം എന്നെഴുതിവച്ചു പോയ ആ അപ്പന്‍ വില്ലന്മാരാല്‍ കൊല്ലപ്പെടുകയും മകന്‍ ജയിലിലേക്ക് പോകുകയും ചെയ്യുന്നു. ആ മകന്‍ തിരിച്ചുവന്ന് വീണ്ടും ചെകുത്താനാകുമോ? അതിലൊരു മാറ്റം നമ്മള്‍ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നെ എങ്ങനെയാണ് അയാള്‍ വീണ്ടും ഗുണ്ടയുടെ വേഷമണിഞ്ഞ് ആ ജീവിതത്തിലേക്കു തിരിച്ചുപോകുന്നത്. എന്തായിരുന്നു ആടുതോമയുടെ പ്രശ്‌നം? എന്നെ മനസ്സിലാക്കാതെ, എന്റെ കുട്ടിക്കാലം മനസ്സിലാക്കാതെ, എന്നെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് എന്റെ പ്രതിഭയെയും പ്രകാശത്തെയും നല്ല വഴിക്കു തിരിക്കാതെ നിങ്ങള്‍ എന്നെ വളരെ മോശമായി വളര്‍ത്തിയതിന്റെ പ്രശ്‌നമാണ്. എന്ന് അപ്പന്‍ അതു മനസ്സിലാക്കിയോ അന്നു മകന്‍ മാറി സ്ഫടികമായി. അപ്പോള്‍ എങ്ങനെയാണ് ഒരു പാര്‍ട്ട് 2 ഉണ്ടാവുക'. ഇതായിരുന്നു ഗുഡ്‌നൈറ്റ് മോഹനനുള്ള ഭദ്രന്റെ മറുപടി. 

സ്ഫടികത്തിന് പാര്‍ട് 2 ഉണ്ടാവില്ലെന്ന് എടുത്ത് പറയുകയാണ് ഭദ്രന്‍. ഒരു കാരണവശാലും ഇത് രണ്ടാമത് നിര്‍മിക്കാന്‍ സാധിക്കുകയില്ലെന്നും അതിന്റെ തിരക്കഥയും സംവിധാനവും താനാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇനിയിപ്പോള്‍ സെക്കന്‍ഡ് പാര്‍ട്ടില്‍ ആടുതോമയ്ക്ക് ഒരു മകന്‍ ഉണ്ടായി  എന്നിരിക്കട്ടെ, ഒരു കാരണവശാലും ആ മകന്‍ റൗഡി ആകില്ല. കാരണം, തന്റെ ജീവിതം കളഞ്ഞു കുളിച്ചു എന്നു മനസ്സിലാക്കിയ തോമ, താന്‍ അപ്പനില്‍ നിന്നു പ്രതീക്ഷിച്ചത് തന്റെ മകന് നല്‍കും. അപ്പോള്‍ അതിനൊരു പാര്‍ട്ട് 2 ഇല്ല' അദ്ദേഹം പറഞ്ഞു. 

സ്ഫടികത്തിന്റെ 25-ാം വര്‍ഷം ചിത്രത്തിന്റെ ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് വീണ്ടും തീയെറ്ററുകളിലെത്തിക്കുമെന്നും ഭദ്രന്‍ പറഞ്ഞു. തുണിപറിച്ച് എറിയലോ മുട്ടനാടിന്റെ ചോര കുടിക്കുന്ന രംഗമോ റെയ്ബാന്‍ ഗ്ലാസോ ഒന്നുമല്ല ആളുകളെ വശീകരിച്ചതെന്നും സ്ഫിടകത്തിന്റെ ശക്തമായ പ്രമേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com