'തള്ളിപ്പറയുന്നത് അനുജനാണെങ്കില്‍ കൂടി എന്റെ ഉള്ളു നോവും'; രണം പരാജയമാണെന്നു പറഞ്ഞ് പൃഥ്വിരാജിനോട് റഹ്മാന്‍

കഴിഞ്ഞ ദിവസമാണ് അഞ്ജലി മേനോന്‍ ചിത്രം ചിത്രം കൂടെയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പൃഥ്വിരാജ് രണം പരാജയമാണെന്ന് പറഞ്ഞത്
'തള്ളിപ്പറയുന്നത് അനുജനാണെങ്കില്‍ കൂടി എന്റെ ഉള്ളു നോവും'; രണം പരാജയമാണെന്നു പറഞ്ഞ് പൃഥ്വിരാജിനോട് റഹ്മാന്‍

പൃഥ്വിരാജും റഹ്മാനും പ്രധാന വേഷങ്ങളില്‍ എത്തിയ രണം അടുത്തിടെയാണ് പുറത്തിറങ്ങിയത്. എന്നാല്‍ തീയെറ്ററില്‍ കാര്യമായ തരംഗം സൃഷ്ടിക്കാന്‍ ചിത്രത്തിന് ആയില്ല. ചിത്രം പരാജയമാണെന്ന് ചിത്രത്തിന്റെ നായകന്‍ പൃഥ്വിരാജ് തന്നെ തുറന്നു പറഞ്ഞു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് റഹ്മാന്‍. രണം യുദ്ധം വിജയിച്ച രാജാവാണെന്നും അതിനെ കുറ്റം പറഞ്ഞാല്‍ തന്റെ ഉള്ളു നോവുമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം താരം പറഞ്ഞത്. 

കഴിഞ്ഞ ദിവസമാണ് അഞ്ജലി മേനോന്‍ ചിത്രം ചിത്രം കൂടെയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പൃഥ്വിരാജ് രണം പരാജയമാണെന്ന് പറഞ്ഞത്. കൂടെ പോലുള്ള ചില ചിത്രങ്ങള്‍ ജയിക്കുകയും രണം പോലുള്ളവ വിജയിക്കാതെയിരിക്കുകയും ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും സിനിമയില്‍ പരീക്ഷണം നടത്തുന്നത് താന്‍ തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. രണം തീയെറ്ററുകളില്‍ നിന്ന് മാറുന്നതിന് മുന്‍പായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം വന്നത്. ഇതാണ് റഹ്മാനെ ചൊടിപ്പിച്ചത്. മോഹന്‍ലാലിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് എടുത്താണ് റഹ്മാന്‍ പൃഥ്വിരാജിന് മറുപടി നല്‍കിയത്. 

റഹ്മാന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.

ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു.... 
അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് 'രണ'മെന്ന രാജാവ് യുദ്ധം ജയിച്ചത്. 
അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.
അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍...., അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാന്‍ പിടയും........
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com